എറണാകുളം: ലക്ഷദ്വീപിലെ സ്വകാര്യ വ്യക്തികളുടെ ഭൂമികൾ സർക്കാർ ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് സമർപ്പിച്ച റിട്ട് അപ്പീലുകളിൽ ജസ്റ്റിസ് ഡോ. എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി.എം. മനോജ് എന്നിവർ അടങ്ങുന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സുപ്രധാന വിധി പുറപ്പെടുവിച്ചു. ഭൂമിയുടെ വിപണി മൂല്യ നിർണയത്തിൽ ഉപയോഗിച്ച ഗുണിത ഘടകം 1 ആയി നിശ്ചയിച്ച ഭരണകൂട ഉത്തരവ് റദ്ദാക്കിയ ഡിവിഷൻ ബെഞ്ച്, ഗുണിതഘടകം 2 ആക്കണമെന്ന ഹരജിക്കാരുടെ അവകാശവാദം അംഗീകരിച്ചു.

ലക്ഷദ്വീപിലെ സ്വകാര്യ വ്യക്തികളിൽ നിന്നും സർക്കാർ ഏറ്റെടുത്ത ഭൂമികൾക്ക് ‘ഭൂമിയേറ്റെടുപ്പ് നഷ്ടപരിഹാര നിയമം, 2013’ പ്രകാരമുള്ള 1x ഗുണിതഘടകം നൽകാനുള്ള തീരുമാനം ചോദ്യം ചെയ്തായിരുന്നു നിരവധി ഭൂ ഉടമകൾ റിട്ട് അപ്പീലുകളുമായി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. ലക്ഷദ്വീപ് ഒരു ഗ്രാമപ്രദേശമായതിനാൽ സർക്കാർ ഏറ്റെടുക്കുന്ന ഭൂമിയുടെ നഷ്ടപരിഹാരം കണക്കാക്കാനായി ഭൂമിയുടെ മാർക്കറ്റ് വില കണക്കാക്കുമ്പോൾ കുറഞ്ഞത് ഭൂമി വിലയുടെ 2x ഗുണിത ഘടകമെങ്കിലും നിശ്ചയിക്കേണ്ടതായിരുന്നു എന്നതായിരുന്നു ഹരജിക്കാരുടെ വാദം. ലക്ഷദ്വീപ് ഭരണകൂടം നിർദ്ദിഷ്ട ഭൂമി ഏറ്റെടുത്ത മേഖലകളെ നഗരമേഖലയായി പറയുന്നുണ്ടെങ്കിലും ഔദ്യോഗികമായി അങ്ങനെ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഹരജിക്കാർ നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ചിനെ സമീപിച്ചിരുന്നെങ്കിലും സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ലക്ഷദ്വിപ് ഭരണകൂടത്തിന് അനുകൂലമായിരുന്നു.

ഹരജിക്കാരുടെയും ലക്ഷദ്വിപ് ഭരണകൂടത്തിന്റെയും വാദങ്ങൾ കേട്ട സിംഗിൾ ബെഞ്ച് 1x ഗുണിത ഘടകം അനുവദിച്ച ഭരണകൂട ഉത്തരവ് ശരിയാണെന്ന് കണ്ടെത്തിയിരുന്നു. ലക്ഷദ്വീപിന്റെ ജനസംഖ്യ കണക്കുകളും അടിസ്ഥാനസൗകര്യങ്ങളും നഗരപരിധിയോട് സാമ്യമുണ്ടെന്ന സർക്കാരിന്റെ വാദം അന്ന് സിംഗിൾ ബെഞ്ച് അംഗീകരിക്കുകയായിരുന്നു. തുടർന്നാണ് ഹരജിക്കാർ റിട്ട് അപ്പീലുകളുമായി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.

ഡിവിഷൻ ബെഞ്ചിന്റെ വിമർശനം:

നഗര-ഗ്രാമമേഖലയെ തിരിച്ചറിയാൻ ‘നഗരമേഖലയിൽ നിന്നും വികസനങ്ങൾക്കായി സർക്കാർ ഏറ്റെടുക്കുന്ന ഭൂമിയിലേക്കുള്ള ദൂരം’ എന്നത് പ്രധാന മാനദണ്ഡമാണെന്നും ലക്ഷദ്വീപിൽ നഗരമേഖലകൾ ഔദ്യോഗികമായി ഇല്ല എന്നതും ബെഞ്ച് ചൂണ്ടിക്കാണിച്ചു. നഗരമേലയില്ലാത്ത ലക്ഷദ്വിപിൽ ഗ്രാമപ്രദേശങ്ങളിൽ നൽകുന്ന നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം ന്യായമാണെന്ന് ഡിവിഷൻ ബെഞ്ച് വിലയിരുത്തി.

2017-ലെ റോഡ് ട്രാൻസ്പോർട്ട് മന്ത്രാലയ മാർഗ്ഗനിർദ്ദേശങ്ങളിൽ ഗ്രാമപ്രദേശങ്ങളിൽ നഷ്ടപരിഹാര തുക 2x ഗുണിത ഘടകമെന്ന് വ്യക്തമാക്കിയതും കോടതി എടുത്തുകാട്ടി. ലക്ഷദ്വീപിലെ ഭരണകൂടം ഏറ്റെടുക്കുന്ന ഭൂമിയുടെ നഷ്ടപരിഹാരത്തുകയുടെ ഗുണിതഘടകം 2 ആക്കാത്തത് നിയമവിരുദ്ധവും അന്യായവുമാണെന്ന് ബെഞ്ച് വിലയിരുത്തി. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് 1× നഷ്ടപരിഹാരം നൽകാനുള്ള ലാൻഡ് അക്വിസിഷൻ കളക്ടറുടെ 2024 ഫെബ്രുവരി 7-നുള്ള ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി.

ഭൂമിയുടെ വിപണി മൂല്യം നിർണയിക്കുമ്പോൾ 2x ഗുണിതഘടകം പ്രയോഗിക്കണമെന്നാണ് ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചത്. ലക്ഷദ്വീപിലെ ഭൂമികൾ തുച്ഛമായ വിലയ്ക്ക് കൈക്കലാക്കാനായി നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ച് എക്സിക്യൂട്ടീവ് ഓർഡറിലൂടെ പട്ടേൽ ഭരണകൂടം നടത്തിയ ശ്രമങ്ങൾക്കേറ്റ കനത്ത തിരിച്ചടിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഈ സുപ്രധാനമായ ഉത്തരവ്. ഈ വിധി ലക്ഷദ്വീപിലെ ഭൂമിയേറ്റെടുപ്പുമായി ബന്ധപ്പെട്ട നിരവധി ആളുകൾക്ക് ഉയർന്ന നഷ്ടപരിഹാരം ലഭിക്കാൻ വഴി തുറക്കുമെന്ന് ഉറപ്പാണ്. കൂടാതെ ഭാവിയിലെ ഭൂമിയേറ്റെടുപ്പ് നടപടികൾക്കുള്ള മാർഗനിർദേശമായി കൂടി മാറുകയാണ് ഈ വിധി.

ചേത്ത്ലാത്ത് ദ്വീപ് സ്വദേശി പക്കിയോട മുഹമ്മദലി, അമിനി ദ്വീപ് സ്വദേശികളായ ശൈക്കോയ സുഹ്റവർദി, പുറക്കാട് സൈദ് മുഹമ്മദ് കോയ, ആറ്റക്കോയ പാത്തുമ്മാത്താട, നിസാർ പാത്തുമ്മാത്താട, മദലപ്പുര സയ്യിദ് യൂസഫ് കോയ തങ്ങൾ, കവരത്തി ദ്വീപ് സ്വദേശിനി ഉമ്മറോട സുബൈദ എന്നിരാണ് റിട്ട് അപ്പീലുകളുമായി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. ഹരജിക്കാർക്ക് വേണ്ടി അഭിഭാഷകരായ ലാൽ കെ ജോസഫ്, പി. മുരളീധരൻ, ടി.എ ലക്സി, സുരേഷ് സുകുമാർ, കോയാ അറഫാ മിറാജ്, അൻസിൽ സാലിം, സഞ്ജയ് സെല്ലൻ, സോണിയ ഷിബു, ആമിന റഫീഖ്, ആകാശ് ജോർജ്ജ്, അംജനാ മുംതാസ് എന്നിവർ ഹാജരായി.

LEAVE A REPLY

Please enter your comment!
Please enter your name here