
അമിനി: സർക്കാർ റസ്റ്റ് ഹൗസിന് സമീപമുള്ള ആശാരോട പൂക്കുഞ്ഞിയുടെ വീടിന്റെ ഒരു ഭാഗം പൊളിച്ചു നീക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ഇന്നലെ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ച എട്ടുപേരുടെ അറസ്റ്റ് അമിനി പോലീസ് രേഖപ്പെടുത്തി. കടമത്ത് ദ്വീപിൽ നിന്നും കവരത്തിയിൽ നിന്നുമായി രണ്ടു ഹെലികോപ്റ്ററുകളിലായി കൂടുതൽ സേനയെ ഇന്ന് അമിനിയിൽ എത്തിച്ചിട്ടുണ്ട്. ഇന്നലെ നടന്ന പ്രതിഷേധത്തിന് നേതൃത്വം നൽകിയ കോൺഗ്രസ് പ്രവർത്തകരായ ബറക്കത്തുള്ളാ, ബീരാൻ, ഹംദുള്ളാ പഠിപ്പുര, സത്താർ ആശാരോട, മുഹമ്മദ് ഖാസിം പഠിപ്പുര, ജാഫർ മമ്പുറം, കോയിലം ഫളൽ എന്നിവരാണ് അറസ്റ്റിലായത്.
അമിനി സർക്കാർ റസ്റ്റ് ഹൗസിന്റെ ഒരു ഭാഗം സ്വകാര്യ വ്യക്തിയുടെ ഭൂമി കയ്യേറി നിർമ്മിച്ചതാണ് എന്ന ആരോപണവും ഉയർന്നിട്ടുണ്ട്. അതേസമയം ആശാരോട പൂക്കുഞ്ഞിയുടെ വീട് പൊളിച്ചു നീക്കാനുള്ള സർക്കാർ നീക്കം കോടതി താത്കാലികമായി തടഞ്ഞതായുള്ള വാർത്തകളും പുറത്തുവരുന്നുണ്ട്, കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
















