
കവരത്തി: ലക്ഷദ്വീപ് ഫിഷറീസ് വകുപ്പും സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റിയും (എംപിഇഡിഎ) സംയുക്തമായി സഹകരിച്ച് എസ്ടി വിഭാഗത്തിലെ മത്സ്യത്തൊഴിലാളികൾക്കായി ഏകദിന ശേഷി വികസന പരിപാടി സംഘടിപ്പിച്ചു. കവരത്തിയിലെ വില്ലേജ് ദ്വീപ് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ “ജൈവ സുരക്ഷയും വ്യക്തിഗത ശുചിത്വ വശങ്ങളും” എന്ന വിഷയം ചർച്ചയായി.
വ്യക്തിഗത ശുചിത്വം, ശുചിത്വമുള്ള മത്സ്യ കൈകാര്യം ചെയ്യൽ, ജൈവ സുരക്ഷാ രീതികൾ, മത്സ്യ സംരക്ഷണത്തിൽ ഐസിന്റെ ശരിയായ ഉപയോഗം എന്നിവയുടെ നിർണായക വശങ്ങളെക്കുറിച്ച് പ്രാദേശിക മത്സ്യത്തൊഴിലാളികളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ നടന്ന പരിപാടിയിൽ 30 മത്സ്യത്തൊഴിലാളികൾ പങ്കെടുത്തു.
എംപിഇഡിഎ ഡെപ്യൂട്ടി ഡയറക്ടർ ഡോ. ശ്രീനാഥ് പി.ജി., ഫിഷറീസ് സയൻസ് ട്രെയിനി മുഹമ്മദ് ആസാഫ് പി., ഫിഷറീസ് ഓഫീസർ ശ്രീ ജബ്ബാർ ബി., ഫിഷറീസ് ഇൻസ്പെക്ടർ ശ്രീ മൻസൂർ എന്നിവരുൾപ്പെടെയുള്ള വിദഗ്ധ സംഘം പ്രധാന സെഷനുകൾ കൈകാര്യം ചെയ്തു.
കവരത്തി ഫിഷറീസ് വകുപ്പിലെ ടെക്നിക്കൽ അസിസ്റ്റന്റ് മുഹമ്മദ് അൻസാരി പരിപാടിക്ക് സ്വാഗതം പറഞ്ഞു. ലക്ഷദ്വീപ് യുടിയിലെ ഫിഷറീസ് ഡയറക്ടർ ബുസർ ജംഹാർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. തുടർന്ന് ഫിഷറീസ് ഓഫീസർ ജബ്ബാർ ബി. പരിപാടിക്ക് ആശംസകൾ അറിയിച്ചു. ഫിഷറീസ് സയൻസ് ട്രെയിനി ശ്രീ മുഹമ്മദ് ആസാഫ് പി നന്ദി പ്രകാശനം നടത്തി. പരിപാടിയുടെ സമാപനത്തിൽ പങ്കെടുത്തവർക്ക് ലൈഫ് ജാക്കറ്റുകളും വിതരണം ചെയ്തു.
