
ആന്ത്രോത്ത്: ജെ.ബി.എസ് മേച്ചേരി സ്കൂൾ അടച്ചു പൂട്ടിയതിനെതിരെ നാളെ ആന്ത്രോത്ത് ദ്വീപിൽ ജനകീയ പ്രതിഷേധം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും എസ്.എം.സി ഭാരവാഹികളുടെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജനകീയ പ്രതിഷേധത്തിൽ ആന്ത്രോത്ത് ദ്വീപിലെ ജനങ്ങൾ കൂട്ടത്തോടെ പങ്കെടുക്കുമെന്ന് എസ്.എം.സി ഭാരവാഹികൾ അറിയിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി ആന്ത്രോത്ത് ദ്വീപിലെ മുഴുവൻ സ്കൂളുകളിലും വിദ്യാഭ്യാസ ബന്ദ് ആചരിക്കും.
വേനലവധിക്ക് ശേഷം ഈ മാസം ഒൻപതിനാണ് ലക്ഷദ്വിപിലെ സ്കൂളുകൾ തുറന്ന് പ്രവർത്തനം ആരംഭിച്ചത്. അന്നു മുതൽ ജെ.ബി.എസ് മേച്ചേരി സ്കൂളിലെ വിദ്യാർത്ഥികൾ അവരുടെ സ്കൂൾ തുറക്കണം എന്ന് ആവശ്യപ്പെട്ട് നിരന്തരമായ പ്രതിഷേധങ്ങൾ നടത്തുകയും ഉത്തരവാദിത്തപ്പെട്ട അധികാരികളെ കണ്ട് നിവേദനം സമർപ്പിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ വിദ്യാർത്ഥികളുടെ ന്യായമായ ആവശ്യം പരിഗണിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഇതുവരെയായും തയ്യാറായിട്ടില്ല.
ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് പ്രൈമറി തലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഓരോ ഒന്നര കിലോമീറ്റർ ദൂരപരിധിക്കുള്ളിൽ ഉണ്ടാവണം എന്നാണ് നിഷ്കർഷിക്കുന്നത്. അതേസമയം ദേശീയ വിദ്യാഭ്യാസ നയത്തിന് വേണ്ടി ശക്തമായി വാദിക്കുന്ന ലക്ഷദ്വിപ് ഭരണകൂടം അഗത്തി ദ്വീപിലെയും ആന്ത്രോത്ത് ദ്വീപിലെയും രണ്ടു പ്രൈമറി സ്കൂളുകൾ അടച്ചു പൂട്ടിയതിലൂടെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ അവകാശം ഇല്ലാതാക്കുകയാണ് ചെയ്തത് എന്ന് എസ്.എം.സി ഭാരവാഹികൾ പറയുന്നു. ഈ സാഹചര്യത്തിലാണ് ജനകീയ സമരത്തിന് മേച്ചേരി സ്കൂൾ ആക്ഷൻ കൗൺസിൽ തീരുമാനിച്ചത്. സ്കൂൾ തുറന്നു പ്രവർത്തിക്കുന്നത് വരെ പൊതുജനങ്ങളെ സംഘടിപ്പിച്ചു കൊണ്ട് ശക്തമായ പ്രതിഷേധങ്ങൾ തുടരുമെന്ന് ആക്ഷൻ കൗൺസിൽ അറിയിച്ചു.
