
കവരത്തി: ലക്ഷദ്വീപ് തീരപ്രദേശങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെ ശക്തിയുള്ള കാറ്റും 5.1 മീറ്റർ ഉയരത്തിൽ വരെ തിരമാലകളും പ്രതീക്ഷിക്കുന്നതിനാൽ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർ ഡോ. ആർ. ഗിരി ശങ്കർ ഐ.എ.എസ് അറിയിച്ചു.
കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) പുറത്തിറക്കിയ ബുള്ളറ്റിനിന്റെ അടിസ്ഥാനത്തിലാണ് ഈ മുന്നറിയിപ്പ്. കാറ്റിന്റെ വേഗത മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ ഉയരുമെന്നും, ചില സമയം 65 കിലോമീറ്റർ വരെ കാറ്റടിക്കാൻ സാധ്യതയുണ്ടെന്നുമാണ് റിപ്പോർട്ട്.
ജൂൺ 20 വൈകുന്നേരം 8:30 വരെ കടൽ പ്രദേശങ്ങളിൽ പ്രക്ഷുബ്ധത തുടരാനാണ് സാധ്യത. ഈ സമയയളവിൽ തിരമാലകൾ 4.4 മുതൽ 5.1 മീറ്റർ വരെ ഉയരത്തിലേക്ക് എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണം.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്നും, മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
