
കവരത്തി : കാലാവസ്ഥാ വ്യതിയാനം, ജൈവ പാരാമീറ്ററുകളുടെ സമയ ശ്രേണി തുടങ്ങിയ വിവരങ്ങൾ ശേഖരിക്കുന്നതിനായി കവരത്തിക്കും അഗത്തിക്കും ഇടയിൽ സ്ഥാപിച്ചിരുന്ന ഒപ്റ്റിക്കൽ ഡാറ്റ ബോയ കാണാതായതായി ലക്ഷദ്വീപ് ശാസ്ത്രസാങ്കേതിക വകുപ്പ് അറിയിച്ചു. ലക്ഷദ്വീപ് ശാസ്ത്ര സാങ്കേതിക വകുപ്പുമായി (DST) സഹകരിച്ച് ISRO, സ്പേസ് ആപ്ലിക്കേഷൻസ് സെന്റർ (SAC) എന്നിവ ചേർന്ന് കവരത്തിയിൽ CAL-VAL സൈറ്റ് ഡെവലപ്മെന്റ് എന്ന പേരിൽ നടപ്പാക്കിയ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചതാണ് ഈ ഒപ്റ്റിക്കൽ ഡാറ്റാ ബോയ. 2.1 മീറ്റർ ഉയരവും 3000 കിലോഗ്രാം ഭരവുമുള്ള മഞ്ഞ നിറത്തിലുള്ള ഈ ബോയെപ്പറ്റി വിവരം ലഭിക്കുന്നവർ ഉടൻ അറിയിക്കാനും നിർദേശം ഉണ്ട്. ഫിഷറീസ്, നാവികസേന, കോസ്റ്റ് ഗാർഡ്, ഹാർബർ, തുറമുഖം, വിമാനത്താവള അതോറിറ്റി തുടങ്ങി വിവിധ വകുപ്പുകളോടും പ്രാദേശിക മത്സ്യതൊഴിലാളികളോടും ഇതിനായി സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്.
