
കവരത്തി: കപ്പൽ ടിക്കറ്റ് ചാർജ്ജ് കുത്തനെ കൂട്ടി ലക്ഷദ്വിപ് തുറമുഖ വകുപ്പ്. എല്ലാ കാലാവസ്ഥയിലും ഓടാവുന്ന എം.വി കവരത്തി, എം.വി ലഗൂൺസ്, എം.വി കോറൽസ്, എം.വി ലക്ഷദ്വിപ് സീ, എം.വി അറേബ്യൻ സീ എന്നീ കപ്പലുകളുടെ ടിക്കറ്റ് നിരക്കാണ് കുത്തനെ കൂട്ടിയത്. കപ്പൽ നടത്തിപ്പിലെ അധിക ചിലവുകൾ പരിഗണിച്ചാണ് ടിക്കറ്റ് നിരക്ക് വർധന നടപ്പാക്കുന്നത് എന്നാണ് തുറമുഖ വകുപ്പ് ഡയറക്റ്റർ ഡോ.ഗിരി ശങ്കർ ഐ.എ.എസ് ഇറക്കിയ ഉത്തരവിൽ പറയുന്നത്. കൊച്ചിയിൽ നിന്നും ആന്ത്രോത്ത് ദ്വീപിലേക്ക് ബങ്ക് ക്ലാസ് ടിക്കറ്റ് ₹260 രൂപയായിരുന്നത് ₹370 രൂപയായാണ് വർധിപ്പിച്ചത്. ഇതേ റൂട്ടിൽ സെക്കന്റ് ക്ലാസ്സ് ടിക്കറ്റിന് ₹940 രൂപയായിരുന്നത് ₹1320 രൂപയായും ഫസ്റ്റ് ക്ലാസ് ടിക്കറ്റിന് ₹2570 രൂപയായിരുന്നത് ₹3600 രൂപയായും വർധിപ്പിച്ചു.


കൊച്ചി മുതൽ കവരത്തി ദ്വീപ് വരെ ബങ്ക് ക്ലാസ് ടിക്കറ്റിന് ₹330 രൂപ ഉണ്ടായിരുന്നത് ₹470 രൂപയായും വർധിപ്പിച്ചു. ഇതേ റൂട്ടിൽ സെക്കന്റ് ക്ലാസ്സ് ടിക്കറ്റിന് ₹1820 രൂപയായും ഫസ്റ്റ് ക്ലാസ് ടിക്കറ്റിന് ₹4920 രൂപയായും വർധിപ്പിച്ചു.
ജൂലൈ ഒന്ന് മുതൽ പുതുക്കിയ ടിക്കറ്റ് നിരക്ക് നിലവിൽ വരും എന്നാണ് തുറമുഖ വകുപ്പ് ഡയറക്ടർ ഇറക്കിയ ഉത്തരവിൽ പറയുന്നത്. ടിക്കറ്റ് ലഭിക്കാതെ യാത്രക്കാർ കൊച്ചിയിൽ കുടുങ്ങി കിടക്കുകയും പുറത്തു നിന്നും വലിയ വില കൊടുത്ത് ടിക്കറ്റ് എടുക്കുകയും ചെയ്യുന്ന ഘട്ടത്തിലാണ് ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി ലക്ഷദ്വിപിലെ സാധാരണക്കാരായ ജനങ്ങളുടെ വയറ്റത്തടിക്കുന്ന നിലപാടുമായി ലക്ഷദ്വിപ് ഭരണകൂടം മുന്നോട്ട് പോകുന്നത്.
