ന്യൂഡൽഹി: ലക്ഷദ്വിപുകാർ നേരിടുന്ന കപ്പൽ യാത്രാ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ട് സി.പി.ഐ(എം) രാജ്യസഭാ കക്ഷി നേതാവ് ജോൺ ബ്രിട്ടാസ് എം.പി കേന്ദ്ര തുറമുഖ, ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനേവാളിന് കത്തു നൽകി. ലക്ഷദ്വീപിലെ ജനങ്ങൾ നേരിടുന്ന ഗതാഗത മേഖലയിലെ പ്രശ്നങ്ങൾ അക്കമിട്ടു നിരത്തിയാണ് അദ്ദേഹം കത്തിൽ ഉന്നയിച്ചത്.

ഏത് യാത്രാ തിരക്കുള്ള സമയത്തും ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ പര്യാപ്തമായ തോതിൽ ഏഴു കപ്പലുകൾ വരെ ഒരേ സമയം സർവ്വീസ് നടത്തിയിരുന്ന പൂർവ്വ കാല ചരിത്രം ഓർമിപ്പിച്ചു കൊണ്ടാണ് ജോൺ ബ്രിട്ടാസ് എം.പി അദ്ദേഹത്തിന്റെ കത്ത് ആരംഭിക്കുന്നത്. എന്നാൽ നിലവിൽ ഒന്നോ രണ്ടോ കപ്പലുകളാണ് സർവ്വീസ് നടത്തുന്നത്. ഇതുവഴി ആയിരങ്ങളാനൾണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത്. കപ്പലുകൾ അനിശ്ചിതകാലത്തേക്ക് ഡോക്കിലും ലേ അപ്പിലുമായി കെട്ടിക്കിടക്കുന്നു. നാമമാത്രമായതെങ്കിലും ലഭ്യമായ ഫ്ലൈറ്റ് സർവ്വീസുകളിൽ സാധാരണക്കാരായ യാത്രക്കാർക്ക് കയറാനാവാത്ത പല മടങ്ങ് ടിക്കറ്റ് തുകയാണ് ഈടാക്കുന്നത് എന്ന് കത്തിൽ വ്യക്തമാക്കുന്നു.

കൂട്ടമായി ടിക്കറ്റ് ബുക്കിംഗ് ചെയ്ത് അത് ഉയർന്ന വിലയ്ക്ക് കരിഞ്ചന്തയിൽ വിൽക്കുന്നത് വ്യാപകമായി നടക്കുന്നതിനാൽ സാധാരണക്കാരായ യാത്രക്കാർക്ക് ടിക്കറ്റ് ലഭിക്കാതെ പോകുന്നു എന്ന് ജൊൺ ബ്രിട്ടാസ് പറഞ്ഞു. യാത്രക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം എന്നോണം ഷിപ്പിംഗ് മന്ത്രിയോട് എട്ട് നിർദ്ദേശങ്ങൾ കൂടി അദ്ദേഹം മുന്നോട്ടുവച്ചിട്ടുണ്ട്. ഡോക്കിങ്ങ്, ടിക്കറ്റ് ബുക്കിംഗ് സംവിധാനങ്ങൾ, വിശദമായ ഓഡിറ്റുകൾ ഉൾപ്പെടെയുള്ള വിഷയങ്ങളാണ് നിർദ്ദേശങ്ങളായി ഉൾപ്പെടുത്തിയിരിക്കുന്നത്. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ജോൺ ബ്രിട്ടാസ് കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കവരത്തിയിൽ എത്തിയ ജോൺ ബ്രിട്ടാസിനെ സി.പി.ഐ(എം), ഡി.വൈ.എഫ്.ഐ നേതാക്കൾ കണ്ടിരുന്നു. അവർ അദ്ദേഹത്തിന് കൈമാറിയ നിവേദനത്തിലെ ആവശ്യങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് കേന്ദ്ര തുറമുഖ ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനേവാളിന് ജോൺ ബ്രിട്ടാസ് എം.പി കത്തു നൽകിയത്.

LEAVE A REPLY

Please enter your comment!
Please enter your name here