
കവരത്തി: ലക്ഷദ്വിപ് അഡ്മിനിസ്ട്രേഷന് കീഴിലുള്ള മുതിർന്ന ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഉപദേശകനായിരുന്ന സന്ദീപ് കുമാറിനെ ഡൽഹിയിലേക്ക് തിരിച്ചു വിളിച്ചു. നിലവിൽ ഡൽഹി ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായ ഡോ.എസ്.ബി ദീപക് കുമാറിനെ അഡ്മിനിസ്ട്രേറ്ററുടെ ഉപദേശകനായി നിയമിച്ചു. 2005 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ദീപക് കുമാർ ബി.ഡി.എസ് ബിരുദധാരി കൂടിയാണ്.
മുതിർന്ന ഉദ്യോഗസ്ഥരായ വിക്രാന്ത് രാജ, അർജുൻ മോഹൻ എന്നിവരെയും സ്ഥലം മാറ്റിയിട്ടുണ്ട്. വിക്രാന്ത് രാജയെ പുതുച്ചേരിയിലേക്കും അർജുൻ മോഹനെ ഗോവയിലേക്കുമാണ് സ്ഥലം മാറ്റിയിരിക്കുന്നത്.
ലക്ഷദ്വീപ് പോലീസ് മേധാവി സമീർ ഷർമ്മയെ ജമ്മു കശ്മീരിലേക്ക് സ്ഥലം മാറ്റി. പകരം 2001 ബാച്ചുകാരനായ ഐ.പി.എസ് ഓഫീസർ ശങ്കർ ജൈസ്വാൾ ഡൽഹിയിൽ നിന്നും ലക്ഷദ്വിപ് പോലീസിന്റെ തലപ്പത്തേക്ക് എത്തും. കൂടാതെ പുതുച്ചേരിയിൽ നിന്നും 2021 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ സോമ ശേഖർ അപ്പറാവു കൊഡരുവും ലക്ഷദ്വിപിലേക്ക് പുതുതായി എത്തും.
