
മംഗലാപുരം: മംഗലാപുരത്ത് നിന്നും കടമത്ത് ദ്വീപിലേക്ക് പുറപ്പെട്ട മഞ്ചു എം.എസ്.വി സലാമത്ത് മംഗലാപുരത്ത് നിന്നും 60 നോട്ടിക്കൽ മൈൽ അകലെ മുങ്ങി. ബുധനാഴ്ചയാണ് സംഭവം. മഞ്ചുവിൽ ഉണ്ടായിരുന്ന ആറ് ജീവനക്കാരെയും ഇന്ത്യൻ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. സിമന്റ് ഉൾപ്പെടെയുള്ള നിർമ്മാണ സാധനങ്ങളുമായി കഴിഞ്ഞ തിങ്കളാഴ്ചയാണ് മഞ്ചു മംഗലാപുരത്ത് നിന്നും പുറപ്പെട്ടത്. വരുന്ന ഞായറാഴ്ച കടമത്ത് ദ്വീപിൽ എത്തും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ബുധനാഴ്ച പുലർച്ചെ 5.30 ഓടെ ഉണ്ടായ ശക്തമായ തിരമാലകളിൽ പെട്ടാണ് മഞ്ചു മുങ്ങിയത് എന്നാണ് കരുതപ്പെടുന്നത്. യഥാർത്ഥ കാരണം വ്യക്തമല്ല.
മഞ്ചുവിൽ ഉണ്ടായിരുന്ന ജീവനക്കാർ സുരക്ഷാ ബോട്ട് വെള്ളത്തിൽ ഇറക്കി മഞ്ചു ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് ഇവരെ കണ്ട മറ്റൊരു ബോട്ടാണ് മംഗലാപുരത്തെ ഇന്ത്യൻ കോസ്റ്റ് ഗാർഡിനെ വിവരം അറിയിച്ചത്. തുടർന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ഐ.സി.ജി വിക്രം എന്ന പെട്രൊളിംഗ് കപ്പൽ എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. ജീവനക്കാർക്ക് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം വ്യാഴാഴ്ചയാണ് മംഗലാപുരം തുറമുഖത്ത് ഇവരെ എത്തിച്ചത് എന്ന് കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ പറഞ്ഞു.
