
അമിനി: ഇന്നലെ വൈകീട്ട് അമിനി ദ്വീപിൽ നിന്നും കൊച്ചിയിലേക്കുള്ള എം.വി കോറൽസ് കപ്പലിൽ കയറാനെത്തിയ പെർമിറ്റ് ഹോൾഡേഴ്സായ ദമ്പതികളെ കപ്പലിൽ നിന്നും ഇറക്കി വിട്ടു. സന്ദർശനത്തിനായി ദ്വീപിൽ എത്തിയതായിരുന്നു ഇവർ. കഴിഞ്ഞ കപ്പലിൽ വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുമായി എത്തിയിരുന്നെങ്കിലും ടിക്കറ്റ് കൺഫേം ആവാത്തതിനെ തുടർന്ന് മടക്കി അയക്കുകയായിരുന്നു. തുടർന്നാണ് ഇന്നലെ വീണ്ടും കപ്പലിൽ കയറാനെത്തിയത്.
എന്നാൽ സാധുവായ ടിക്കറ്റ് ഇല്ലാത്തതിനാൽ ദമ്പതികളെ ഇറക്കി വിടുകയായിരുന്നു. ലക്ഷദ്വീപ് തുറമുഖ വകുപ്പിന്റെ ടിക്കറ്റ് ബുക്കിംഗ് വെബ്സൈറ്റിൽ ടിക്കറ്റ് റിലീസിംഗ് സമയത്ത് തന്നെ ടിക്കറ്റിനായി ശ്രമിച്ചെങ്കിലും വെബ്സൈറ്റിന്റെ അസാധാരണമായ വേഗതക്കുറവ് മൂലം ടിക്കറ്റ് ലഭിച്ചില്ല എന്ന് ഇവർ പറയുന്നു. ദ്വീപിൽ നിന്നുള്ള മടക്കയാത്ര വിചാരിച്ചതിലും ദിവസങ്ങൾ വൈകിയത് മൂലം മാനസികമായി വലിയ സമ്മർദ്ദത്തിലായിരുന്നു ഇരുവരും. അതുകൊണ്ടാണ് പോലീസ് നിയന്ത്രണം ഭേദിച്ച് കപ്പലിൽ കയറിപ്പറ്റാനുള്ള ശ്രമങ്ങൾ നടത്തിയത് എന്നാണ് അറിയുന്നത്. എന്നാൽ ആ സഹോദരിയെ കപ്പലിന്റെ ഗാങ്ങ് വേയിലൂടെ വലിച്ചിഴച്ച് ഇറക്കി വിടുന്ന ദയനീയ കാഴ്ച മനസ്സാക്ഷി മരവിക്കാത്ത ഏവരെയും വേദനിപ്പിക്കുന്ന ദൃശ്യമായിരുന്നു.
അതിഥികളാണ്, മനുഷ്യരാണ്. ഗതികേട് കൊണ്ടാണ്. പണം ലാഭിക്കാൻ വേണ്ടി ടിക്കറ്റ് എടുക്കാതെ കള്ളവണ്ടി കയറിയതല്ല എന്ന ബോധ്യം നമുക്ക് ഉണ്ടാവേണ്ടതാണ്. നിയമപരമായ നടപടികൾ സ്വീകരിക്കുമ്പോഴും കുറച്ചുകൂടി മാനുഷികമായ പെരുമാറ്റം ജനങ്ങൾ അർഹിക്കുന്നുണ്ട്.
