
അമിനി: അനിശ്ചിതകാലത്തേക്ക് പവർ കട്ട് ആരംഭിച്ചതോടെ അമിനി ദ്വീപ് ഇരുട്ടിലായി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഏതാണ്ട് രണ്ടു മണിക്കൂർ നേരത്തേക്ക് കരണ്ട് ലഭ്യമായിരുന്നു. എന്നാൽ ഇന്നലെ മുതൽ അനിശ്ചിതകാലത്തേക്ക് പവർ കട്ട് ആരംഭിച്ചതോടെ അമിനി ദ്വീപ് പൂർണ്ണമായി ഇരുട്ടിലാണ്. കടുത്ത വേനലിൽ ഉഷ്ണം അതിന്റെ ഉച്ചസ്ഥായിയിൽ എത്തി നിൽക്കുന്ന ഘട്ടത്തിൽ കരണ്ട് പൂർണ്ണമായി ഇല്ലാതായതോടെ അമിനിയിലെ ജനങ്ങൾ ദുരിതത്തിലാണ്.
അതേസമയം ഡയാലിസിസിലൂടെ ജീവൻ നിലനിർത്തുന്ന മൂന്നു രോഗികളെ മറ്റു ദ്വീപുകളിലേക്ക് മാറ്റി. ഒരു രോഗിയെ കവരത്തിയിലേക്കും രണ്ടു രോഗികളെ ആന്ത്രോത്ത് ദ്വീപിലേക്കുമാണ് മാറ്റിയത്. ആന്ത്രോത്ത് ദ്വീപിൽ എത്തിച്ച രോഗികളെ തണൽ ഡയാലിസിസ് സെന്ററിൽ പ്രവേശിപ്പിച്ചു. വിജയകരമായി ഡയാലിസിസ് നൽകി വരുന്നതായി തണൻ ഭാരവാഹികൾ അറിയിച്ചു. രോഗികളെ മാറ്റുന്നതിന് വേണ്ട നടപടികൾ സ്വീകരിച്ച ആരോഗ്യ, തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലിനെ തണൺ എക്സിക്യൂട്ടീവ് ഡയറക്ടർ അഭിനന്ദിച്ചു.
