
കൊച്ചി: ഇന്ത്യയിലെ കേന്ദ്ര ഭരണ പ്രദേശങ്ങളിലെ അഡ്മിനിസ്റ്റേറ്റർ എന്ന ഏകാധിപത്യ ഭരണം അവസാനിപ്പിച്ചു കൊണ്ട് ജനങ്ങൾ തിരഞ്ഞെടുക്കുന്നവർ ജനങ്ങളെ ഭരിക്കപ്പെടുന്ന നിയമ നിർമാണ സഭ സ്ഥാപിക്കുക എന്ന ആശയത്തോടെ പ്രവർത്തിക്കുന്ന ടീം ബേളാരം സംഘടിപ്പിക്കുന്ന ഓൺലൈൻ പ്രഭാഷണ പരമ്പരക്ക് പ്രൗഢമായ തുടക്കം. ആദ്യ പരിപാടി ഏപ്രിൽ 6ാം തിയതി ഗൂഗിൾ മീറ്റ് വഴിയായിരുന്നു സംഘടിപ്പിക്കപ്പെട്ടത്. തത്സമയം യൂട്യൂബിൽ ബേളാരം ചാനലിൽ പൊതു സമൂഹത്തിന് കാണാനുള്ള സൗകര്യം കൂടി ഉണ്ടായിരുന്നു. ഏകദേശം 600 ൽ അധികം പ്രേക്ഷകർ പരിപാടിയിൽ തത്സമയം പങ്കെടുത്തു. ദമൻ ഡ്യു പാർലമെന്റ് അംഗം ഉമേഷ് ഭായി പട്ടേൽ ഉൽഘാടന കർമ്മം നിർവഹിച്ചു. കേന്ദ്ര ഭരണ പ്രദേശങ്ങളിലേക്ക് അടിയന്തരമായി നിയമ നിർമാണ സഭകൾ സ്ഥാപിക്കണമെന്ന് അദ്ദേഹം തന്റെ പ്രഭാഷണത്തിൽ ആവശ്യപ്പെട്ടു.
ലക്ഷദ്വീപ് മുൻ എം.പി പി. പി മുഹമ്മദ് ഫൈസൽ, എൻ.സി.പി (എസ്പി) ലക്ഷദ്വീപ് സംസ്ഥാന പ്രസിഡന്റ് അഡ്വ. കോയാ അറഫാ മിറാജ് തുടങ്ങിയവർ പ്രതേക ക്ഷണിതാക്കളായി പങ്കെടുത്തു. ബേളാരം എഡിറ്റർ സലാഹുദ്ധീൻ പീച്ചിയത്ത് മുഖ്യ പ്രഭാഷണം നടത്തുകയും ബേളാരം എഡിറ്റർ മഹദാ ഹുസൈൻ പരിപാടി നിയന്ത്രിക്കുകയും ചെയ്തു. വരും ദിവസങ്ങളിൽ ബഹുമാനപ്പെട്ട ലക്ഷദ്വീപ് എംപി അഡ്വ. ഹംദുള്ളാ സഈദ് ഉൾപ്പെടെയുള്ള ലക്ഷദ്വീപിലെ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരെയും ഈ പരിപാടിയിലേക്ക് ക്ഷണിക്കുമെന്ന് ബേളാരം പ്രവർത്തകർ അറിയിച്ചു.
