ആന്ത്രോത്ത്: തണൽ ഡയാലിസിസ് സെൻററിന് കാരാ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെയും കാരക്കാട് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ സഹായം കൈമാറി. കാരാ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ രക്ഷിതാക്കളും വിദ്യാർത്ഥികളും ചേർന്നുള്ള വിനോദ യാത്രയുടെ ഭാഗമായാണ് ഡയാലിസിസ് സെൻററിലേക്ക് സന്ദർശനം സംഘടിപ്പിച്ചത്.നിരവധി രോഗികൾ ആശ്രയിക്കുന്ന ആന്ത്രോത് ദ്വീപിലെ ഈ ഡയാലിസിസ് സെന്റർ പൂർണമായും സൗജന്യ സേവനമാണ് നൽകുന്നത്. കടൽ കടന്നുള്ള ചികിത്സക്ക് ഒരുപാട് പണം ആവശ്യമായി വരുന്ന രോഗികൾക്ക് ഇപ്പോൾ തണൽ എന്ന സംരംഭം നൽകുന്ന ആശ്വാസം ചെറുതല്ല. ഒരുവർഷത്തിനുള്ളിൽ മുന്നൂറിൽ പരം ഡയാലിസിസ് നടത്തി വിജയകരമായി പ്രവർത്തിച്ചു വരികയാണ് ഈ സ്ഥാപനം.

ജനങ്ങളുടെ സഹായ സഹകരണങ്ങളാൽ മുന്നേറുന്ന ഈ ഡയാലിസിസ് സെന്റർ ഭൂമിയും പണവും വസ്തുക്കളും സംഭാവനയായി നൽകിയവരുടെ കൂട്ടായ പരിശ്രമ ഫലമാണ്. “ദ്വീപിലെ ജനങ്ങൾ ജനങ്ങൾക്ക് വേണ്ടി കൂട്ടായി നടത്തുന്ന പരിശ്രമത്തിന്റെ ഫലം”. തണൽ എന്ന സംരംഭത്തിന്റെ ആവശ്യകതയും പ്രസക്തിയും ആളുകൾ മനസ്സിലാക്കണം എന്ന ഉദ്ദേശത്തോടെയാണ് ഞങ്ങൾ ഈ ചെറിയ സഹായം നൽകിയതെന്ന് സ്കൂൾ ചെയർമാൻ മുസ്തഫ ഫൈസി പറഞ്ഞു. കൂടാതെ ഇത്തരം സേവനപ്രവർത്തനങ്ങൾ നിലനിർത്താൻ ജനങ്ങളുടെ സഹകരണം ആവശ്യമുണ്ടെന്നും എല്ലാവരും ഈ കേന്ദ്രം സന്ദർശിച്ച് സഹായങ്ങൾ നൽകണമെന്നും കാരക്കാട് ക്ലബ് പ്രസിഡൻറ് മുഹമ്മദ് ഷാഫി ഖുറൈശി അഭിപ്രായപ്പെട്ടു.

തണൽ ഡയാലിസിസ് സെൻററിന്റെ കോർഡിനേറ്റർ പി.എ. പൂക്കോയ, ക്ലബ് അംഗങ്ങൾക്കും കാരാ ഇംഗ്ലീഷ് മീഡിയം സ്കൂൾ രക്ഷിതാക്കളും അധ്യാപകർക്കും നന്ദി അറിയിച്ചു. സാമൂഹിക സേവനത്തിന്റെ പുതിയ മാതൃകയായി തണൽ ഡയാലിസിസ് സെൻറർ മുൻപോട്ട് പോവുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here