
കൊച്ചി: ലക്ഷദ്വീപ് കപ്പൽ ടിക്കറ്റ് സംവിധാനം സുതാര്യമാക്കുന്നതിന് വേണ്ടി നിലവിലുള്ള സംവിധാനങ്ങളിൽ നിന്നും പൂർണ്ണമായി മാറി പുതിയ ഓൺലൈൻ/ഓഫ്‌ലൈൻ ബുക്കിംഗ് സംവിധാനം വരുന്നു. ഇതിനായി ഇന്ത്യൻ റെയിൽവേയുടെ ടിക്കറ്റ് സേവനങ്ങൾ നൽകിവരുന്ന ഐ.ആർ.സി.ടി.സി പുതിയ ടെണ്ടർ വിളിച്ചു. മാനേജ്ഡ് സർവ്വീസ് പ്രൊവൈഡറെ കണ്ടെത്തുന്നതിനാണ് ടെണ്ടർ വിളിച്ചിരിക്കുന്നത്. ട്രെയിൻ ടിക്കറ്റ് മാതൃകയിലാവും ബുക്കിംഗ് സംവിധാനം ഒരുക്കുക. നിലവിൽ എൻ.ഐ.സിയുടെ വെബ്സൈറ്റ് വഴിയാണ് കപ്പൽ ഓൺലൈൻ ടിക്കറ്റ് നൽകി വരുന്നത്. കൂടുതൽ ആളുകൾ കയറുന്നതോടെ വെബ്സൈറ്റ് തകരാറിലാവുന്നത് തുടർക്കഥയാണ്. കൂടാതെ, ടിക്കറ്റുകൾ കൂട്ടത്തോടെ എടുത്ത് വലിയ തുക സർവ്വീസ് ചാർജ്ജ് വാങ്ങി കരിഞ്ചന്തയിൽ വിൽക്കുന്നത് വഴി ലക്ഷദ്വീപിലെ സാധാരണക്കാരായ യാത്രക്കാർക്ക് ടിക്കറ്റ് കിട്ടാക്കനിയാണ്. ഇതു മറികടക്കാനാണ് പുതിയ സംവിധാനം കൊണ്ടുവരുന്നത്.
പത്തു വർഷത്തെ കരാർ കാലാവധിയിലാവും മാനേജ്ഡ് സർവ്വീസ് പ്രൊവൈഡറെ നിശ്ചയിക്കുക. കപ്പലുകളുടെ എണ്ണം കുറവായതിനാൽ ട്രെയിൻ സർവ്വീസുകളെ അപേക്ഷിച്ച് കപ്പൽ ടിക്കറ്റുകളുടെ എണ്ണം തുച്ഛമായിരിക്കും. അതുകൊണ്ട് തന്നെ പുതിയ സംവിധാനം നിലവിൽ വന്നാലും, അത് എത്ര കണ്ട് സാധാരണക്കാരായ യാത്രക്കാർക്ക് ഉപകാരപ്രദമാവും എന്ന് കാത്തിരുന്ന് തന്നെ കാണേണ്ടി വരും.
