
ആന്ത്രോത്ത്: പെരുന്നാൾ ദിവസം മൂല ബീച്ചിൽ ആളുകൾ ഒത്ത്ചേന്ന് സ്വീറ്റ്സ്, സോഫ്റ്റ് ഡ്രിങ്ക്സ്, ജ്യൂസ് തുടങ്ങിയവയുടെയും മറ്റും കവറുകളും ബോട്ടിലുകളും എല്ലാം വേസ്റ്റ് ബോക്സിൽ ഇടാതെ അങ്ങിങ്ങായി കടപ്പുറത്ത് വലിച്ചെറിഞ്ഞിരുന്നു. അത് ഒഴിവാക്കാൻ ഈദിന് മുൻപ് തന്നെ വേസ്റ്റ് ബോക്സിലേക്ക് നിക്ഷേപിക്കാൻ ഡി.വൈ.എഫ്.ഐ കടപ്പുറത്ത് പലസ്ഥലത്തായി വേസ്റ്റ് ബോക്സ് സ്ഥാപിച്ചിരുന്നു. എന്നാൽ കുറച്ച് പേർ മാത്രമേ അത് ഉപയോഗപ്പെടുത്തിയുള്ളൂ. അത് കൊണ്ട് പെരുന്നാളിന്റെ പിറ്റേന്ന് വൈകുന്നേരം സി.പി.ഐ (എം), ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ സംയുക്തമായി മൂല ബീച്ചിലെ മാലിന്യങ്ങൾ പെറുക്കിയെടുത്ത് വേസ്റ്റ് ബോക്സിൽ നിറച്ച് അധികാരികളെ ഏല്പിച്ചു. ഡി സി ഓഫീസിൽ നിന്ന് സ്ഥലം സന്ദർശിക്കാൻ എത്തിയ ഉദ്യോഗസ്ഥർ പ്രവർത്തനത്തെ അഭിനന്ദിച്ചു .
വേസ്റ്റ് മാനേജ്മെൻ്റിൽ പൊതു ജനങ്ങളും, കച്ചവടക്കാരും ബോധവാന്മാർ ആവണം എന്നും. കച്ചവടം നടത്തുന്നതിൻ്റെ അടുത്ത് വേസ്റ്റ് ബോക്സുകൾ നിർബന്ധമായും സ്ഥാപിക്കണം എന്നും അത് ജനങ്ങൾ ഉപയോഗപ്പെടുത്തണം എന്നും സ്വാഗത പ്രസംഗത്തിൽ ബ്രാഞ്ച് സെക്രട്ടറി അക്ബർ അലി കെ സി പറഞ്ഞു. പാർട്ടിയുടെ പ്രവർത്തനങ്ങളിൽ എപ്പോഴും സജീവമായി പങ്കെടുക്കുന്ന യുവാക്കളാണ് പരിപാടിയുടെ വിജയം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് സംവിധാനം നിലവിൽ ഇല്ലാത്തത് ഇത്തരത്തിൽ ഉള്ള ശുചീകരണ പ്രവർത്തനങ്ങൾ അടക്കമുള്ള കാര്യങ്ങളെ സാരമായി ബാധിക്കുന്നു എന്നും, കേന്ദ്ര സർക്കാരിൻ്റെ ജനങ്ങൾക്ക് അനുയോജ്യമല്ലാത്ത പഞ്ചായത്ത് റെഗുലേഷൻ മാറ്റി, ജനങ്ങളെ മുഖവിലക്കെടുത്ത് എത്രയും പെട്ടെന്ന് പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടത്താനുള്ള സാഹചര്യം ഒരുക്കണം എന്നും പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് ലക്ഷദ്വീപ് സിപിഐ (എം) സെക്രട്ടറി മുഹമ്മദ് ഷാഫി ഖുറൈശി പറഞ്ഞു. പരിപാടിയിൽ പൊതുജനങ്ങളുടെ സജീവമായ സാന്നിദ്ധ്യം ശ്രദ്ധേയമായി.
