Report: Faseela T

ഡെൽഹി: മത ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ പ്രതികൂലമായി ബാധിക്കുന്ന വഖഫ് ഭേദഗതി ബില്ല് ലോകസഭയിൽ വന്നപ്പോൾ രാഹുൽ ഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കളുടെ മൗനം പ്രതിഷേധാർഹമാണ് എന്ന് എൻ.സി.പി(എസ്.പി) ലക്ഷദ്വീപ് ഘടകം പ്രസ്താവിച്ചു. ലോകസഭയിൽ ബില്ല് അവതരിപ്പിച്ച ദിവസത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സഭയിൽ ഒരക്ഷരം പോലും മിണ്ടിയില്ല. വയനാട് എം ൾ.പി പ്രിയങ്കാ ഗാന്ധി കോൺഗ്രസ് നൽകിയ വിപ്പ് പോലും പാലിക്കാതെ സഭയിൽ നിന്നും വിട്ടുനിന്നു. വഖഫ് സമ്പത്തുകളും അതിന്റെ സംരക്ഷണവും സംബന്ധിച്ചുള്ള നിയമ ഭേദഗതികൾ ഇന്ത്യയിലെ മുസ്ലിം സമുദായത്തിന് ഗൗരവമായ ആശങ്കകൾ ഉളവാക്കുന്നുണ്ട്. എന്നാല്‍, മതേതരത്വത്തിന്റെ പ്രതിനിധികളായി സ്വയം അവതരിപ്പിക്കുന്ന കോൺഗ്രസിന്റെ പ്രധാന നേതാക്കൾ ഇത്തരമൊരു സുപ്രധാന ചർച്ചയിൽ പങ്കെടുക്കാതിരുന്നതിനെതിരെ വിമർശനങ്ങൾ ശക്തമാകുകയാണ്.

മുസ്ലിം ജനവിഭാഗങ്ങൾ തിങ്ങി താമസിക്കുന്ന വയനാട് മണ്ഡലത്തിൽ നിന്നും ജയിച്ച പ്രിയങ്ക ഗാന്ധിയും നൂറ് ശതമാനം മുസ്ലിം സംവരണത്തിൽ വിജയിച്ച ലക്ഷദ്വീപ് എം.പി ഹംദുള്ളാ സഈദും ഇക്കാര്യത്തിൽ മൗനം പാലിക്കുന്നത് സംശയാസ്‌പദമാണ്. കൂടാതെ ഹംദുള്ളാ സഈദ് സഭയിൽ പോലും വഖഫ് ബില്ലിനെതിരെ ശബ്ദം ഉയർത്തിയിരുന്നില്ല എന്നും എൻ.സി.പി(എസ്.പി) ലക്ഷദ്വീപ് യൂണിറ്റ് നേതാക്കൾ പ്രസ്താവനയിൽ വ്യക്തമാക്കി. ബില്ല് അവതരണ വേളയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തിപരമായി ലക്ഷദ്വീപ് എം.പി ഹംദുള്ളാ സഈദിന്റെ പേര് സഭയിൽ പരാമർശിച്ചിട്ടും എം.പി യിൽ നിന്നോ മറ്റു കോൺഗ്രസ് അംഗങ്ങളിൽ നിന്നോ പ്രതികരണമുണ്ടായിരുന്നില്ല. “ഇത്തരം മൗനങ്ങൾ കോൺഗ്രസ് കാലങ്ങളായി തുടരുന്ന മൃദു ഹിന്ദുത്വ സമീപനത്തിന്റെ ഭാഗമാണ്. വോട്ട് നേടുമ്പോൾ മതേതരത്വം സംസാരിക്കുകയും, ശേഷം നിയമനടപടികളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുകയും ചെയ്യുന്നത് തീർച്ചയായും വഞ്ചനയാണ്,” എന്ന് എൻ.സി.പി(എസ്.പി) അതിന്റെ പ്രസ്താവനയിലൂടെ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here