
അഗത്തി: ചെറിയപെരുന്നാൾ ദിനത്തിൽ വൺ ഡേ ടീ ചലഞ്ച് സംഘടിപ്പിച്ച് അഗത്തി ജവഹർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്. കിഡ്നി സംബന്ധമായ രോഗത്താൽ ചികിത്സ സഹായം തേടുന്ന മായംകാക്കാട മുഹമ്മദ് എന്ന 35കാരനെ സഹായിക്കാനായി ജവഹർ ക്ലബ് സംഘടിപ്പിച്ച ഈ ചാരിറ്റി പരിപാടി പെരുന്നാൾ ദിനത്തിൽ സാമൂഹിക ഐക്യത്തിന്റെ ഏറ്റവും മനോഹരമായ മാതൃകയായി മാറി.
പ്രായഭേദമന്യേ നാടിന്റെ എല്ലാ കോണുകളിൽ നിന്നുമെത്തി ടീ ചലഞ്ചിൽ പങ്കെടുത്ത് ആളുകൾ ചായയും കോഫിയും ആസ്വദിച്ചു. ഒരു ദിവസം കൊണ്ട് ഒരു ലക്ഷത്തി മൂവായിരത്തി അഞ്ഞൂറ്റി അറുപത്തി ഏഴ് രൂപ സംഭാവനയായി ലഭിച്ചു. ലഭിച്ച മുഴുവൻ തുകയും മുഹമ്മദ് എന്ന സഹോദരന്റെ ചികിത്സക്കായി ക്ലബ് അംഗങ്ങൾ കൈമാറി. ശാരീരികമായും മാനസികമായും സംഭവനയായും ചലഞ്ചിൽ സഹായിച്ച എല്ലാവർക്കും ജവഹർ ക്ലബ് ഭാരവാഹികൾ നന്ദി അറിയിച്ചു. ജവഹർ ക്ലബ് പ്രസിഡന്റ് എം.കെ റഫീഖ് ഏറ്റെടുത്ത് നടത്തിയ പരിപാടിയിൽ കോറൽ ബീച്ച്ബെ റിസോർട് നിയർ സോളാർ പ്ലാന്റ് എന്ന സ്ഥാപനമാണ് ടീ കൗണ്ടറിന് വേദി സൗജന്യമായി ഒരുക്കിയത്. ചായക്കും കോഫിക്കും ആവശ്യമുള്ള എല്ലാ ചെലവുകളും ഏറ്റെടുത്തത് അമ്മാതി സ്ക്യൂബ റിസോർട് നടത്തിപ്പ് അംഗങ്ങൾ ആയിരുന്നു. കൂടാതെ ടീ മെഷീൻ സൗജന്യമായി നൽകുകയും മുഴുവൻ സമയവും കൗണ്ടറിൽ സേവനം നൽകുകയും ചെയ്ത ഹസ്സൻ എം.സി, പാട്ട് പാടി പരിപാടി മികച്ചതാക്കിയ കലാകാരൻ ഔരി റഹ്മാൻ, ചെറിയ പെരുന്നാൾ ആഘോഷങ്ങൾ മാറ്റി വെച്ച് ചലഞ്ചിൽ പങ്കെടുത്ത യുവാക്കൾ എന്നിവർക്ക് ക്ലബ് അംഗങ്ങൾ പ്രത്യേകം നന്ദി രേഖപ്പെടുത്തി.
ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ജവഹർ ക്ലബ് മുഹമ്മദിനായി നടത്തുന്ന പിരിവ് നിർത്തി വെച്ചതായി അറിയിച്ചു. കൂടുതൽ സംഭാവനകൾ മുഹമ്മദിന് ആവശ്യമാണെന്നും സഹായം നൽകണമെന്നും ക്ലബ് അംഗങ്ങൾ ജനങ്ങളോട് ആവശ്യപ്പെട്ടു.
