
തിരുവനന്തപുരം: ഭിന്നശേഷി പ്രതിഭകളെ തേടി കാശ്മീർ മുതൽ കവരത്തി വരെ ഭാരത യാത്ര സംഘടിപ്പിക്കുന്നു. ഈ മാസം ആരംഭിക്കുന്ന യാത്ര ജൂൺ മാസം അവസാനിക്കും. ഭിന്നശേഷി മേഖലയിലെ പ്രതിഭകളെ കണ്ടെത്തുക, അവരെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുക, ഭിന്നശേഷി വിദ്യാർത്ഥികളുമായും അവരുടെ കുടുംബാംഗങ്ങളുമായും സംവദിക്കുക, അവർക്ക് പ്രചോദനം നൽകുക, വിദ്യാഭ്യാസ – സാമൂഹിക – സാംസ്കാരിക – ആരോഗ്യ മേഖലകളിൽ മുന്നേറ്റം നടത്തുന്നതിന് വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകുക, ഭിന്നശേഷി മേഖലയിലെ ആനുകൂല്യങ്ങൾ – അവകാശങ്ങൾ – റിസർവേഷൻ – തൊഴിലവസരങ്ങൾ തുടങ്ങി ഭിന്നശേഷിക്കാർ അറിഞ്ഞിരിക്കേണ്ട വിഷയങ്ങളിൽ കൃത്യമായ മാർഗനിർദേശങ്ങൾ നൽകുക തുടങ്ങിയ വിവിധ ഉദ്ദേശ്യത്തോടെയാണ് ഭാരത യാത്ര സംഘടിപ്പിക്കുന്നത്. എല്ലാ ഭാരത യാത്രകളും കാശ്മീർ മുതൽ കന്യാകുമാരി വരെ സഞ്ചരിക്കുമ്പോൾ ഇതാദ്യമായാണ് ഒരു ഭാരത യാത്ര ലക്ഷദ്വീപിലേക്ക് എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്.
ഭിന്നശേഷി വിഭാഗത്തിന്റെ ഉന്നമനം ലക്ഷ്യമാക്കി കാശ്മീർ മുതൽ ലക്ഷദ്വീപ് വരെ ഇന്ത്യയിൽ ആദ്യമായി നടത്തുന്ന ഭാരത യാത്രയുടെ ഔദ്യോഗിക ലോഗോ പ്രകാശനം ബഹു കേരള നിയമസഭാ സ്പീക്കർ ശ്രീ എ എം ഷംസീർ നിർവഹിച്ചു. നെടിയത്ത് ഗ്രൂപ്പ് ചെയര്മാനും യാത്രയുടെ രക്ഷാധികാരിയുമായ ശ്രീ നെടിയത്ത് നസീബ്, ഹെലൻ കെല്ലർ അവാർഡ് ജേതാവ് കെ.കെ ഫാറൂഖ്, യാത്രയുടെ കോർഡിനേറ്റർ ശ്രീ മുഹമ്മദ് സിയാദ്, നിഫാ സംസ്ഥാന പ്രസിഡന്റും ദേശിയ സംസ്ഥാന അവാർഡ് ജേതാവുമായ ശ്രീ ഷിജിൻ വർഗീസ്, വേൾഡ് റെക്കോർഡ് ഹോൾഡർ ഷാനവാസ് എ കെ എന്നിവർ പങ്കെടുത്തു.
