
കൊച്ചി : ആരോഗ്യ മേഖലയിലെ പ്രതിസന്ധികൾക്ക് അടിയന്തിര പരിഹാരം ആവശ്യപ്പെട്ട് എൻ.സി.പി (എസ്.പി) ലക്ഷദ്വീപ് സ്റ്റേറ്റ് കമ്മിറ്റി. കൊച്ചിയിൽ പ്രവർത്തിക്കുന്ന ലക്ഷദ്വീപ് ഓഫീസ് സന്ദർശിച്ച ശേഷമാണ് എൻ.സി.പി പ്രവർത്തകർ അഡ്മിനിസ്‌ട്രേറ്ററുടെ ഉപദേഷ്ടാവിന് നിവേദനം നൽകിയത്. അഡ്മിനിസ്ട്രേറ്റീവ് ഇൻ ചാർജ് പി ജമാലുദ്ധീൻ നിവേദനം സ്വീകരിച്ചു.
ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്, ഡോക്ടർമാരുടെ അഭാവം, ആവശ്യ മരുന്നുകളുടെ ലഭ്യത കുറവ്, പബ്ലിക്-പ്രൈവറ്റ് പാർട്ണർഷിപ്പ് (PPP) മോഡൽ ആശുപത്രികളുടെ അടച്ചുപൂട്ടൽ എന്നീ പ്രതിസന്ധികൾക്ക് പുറമെ ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ റദ്ദാക്കിയത് ദ്വീപ് നിവാസികൾക്ക് വലിയ സാമ്പത്തിക ഭാരം സൃഷ്ടിക്കുകയും ചെയ്തു, ഇത് ചൂണ്ടിക്കാട്ടിയാണ് എൻ സി പി (എസ്.പി )നിവേദനം നൽകിയത്. മികച്ച ചികിത്സ ലഭിക്കാൻ ലക്ഷദ്വീപ് ജനങ്ങൾ കടൽകടന്ന് പുറത്തേക്ക് പോകുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഇത് കൂടാതെ നൂറ്റിമുപ്പത്തോളം പാരാമെഡിക്കൽ ജീവനക്കാരുടെ കരാർ പുതുക്കാത്തതും, അവർക്കുള്ള വേതനം മാസങ്ങളായി മുടങ്ങിക്കിടക്കുന്നതും ലക്ഷദ്വീപിൽ ആതുര സേവനങ്ങൾക്കേറ്റ തിരിച്ചടിയാണ്.
നിലവിൽ ആരോഗ്യ രംഗം പൂർണമായും തകർന്ന നിലയിലാണ്,കൂടാതെ ആശുപത്രി നിർമാണം നിർത്തലാക്കിയതും ദ്വീപ് ജനതയുടെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണെന്ന നിലപാടിലാണ് എൻ.സി.പി (എസ്.പി). ഇതിനെതിരെ അടിയന്തര നടപടികൾ സ്വീകരിക്കാൻ നിവേദനത്തിൽ പാർട്ടി ആവശ്യപ്പെട്ടു.
