കൊല്ലം: ലക്ഷദ്വീപിൽ കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ, വർഗീയ നയങ്ങൾ അടിച്ചേൽപ്പിക്കുകയാണെന്ന് സി.പി.ഐ(എം) ലക്ഷദ്വീപ് ലോക്കൽ സെക്രട്ടറി മുഹമ്മദ് ഖുറേഷി. ഭരണകൂട ഭീകരത അടിച്ചേൽപ്പിക്കുന്ന ഭരണാധികാരികളാണ് കേന്ദ്രം ഭരിക്കുന്നതെന്നും നാടിനെയും ജനങ്ങളെയും അവഗണിച്ചാണ് ഭരണ നീക്കങ്ങൾ നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യാത്രാ സൗകര്യങ്ങളുടെ അഭാവം, കൊച്ചിയിലേക്ക് പോകാനുള്ള ഷിപ്പുകളുടെ കുറവ്, ആരോഗ്യ മേഖലയിൽ സേവനത്തിന്റെ അപാകത, ഹെൽത്ത് സെന്ററുകളിൽ സ്റ്റാഫ് കുറവ് തുടങ്ങിയവ ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇതിനെതിരെ സി.പി.ഐ(എം) ശക്തമായ പ്രതിഷേധമാണ് ഉയർത്തികൊണ്ടുവരുന്നത്. സി.പി.ഐ (എം) കേരള സംസ്ഥാന സമ്മേളനത്തിൽ പ്രതിനിധിയായി പങ്കെടുക്കുന്ന ഖുറേഷി ദേശാഭിമാനിയുമായി ലക്ഷദ്വീപിലെ രാഷ്ട്രീയ സാമൂഹ്യ സാചര്യം പങ്കുവെക്കുകയായിരുന്നു.

ദ്വീപ് അഡ്മിനിസ്ട്രേറ്റർമാറായി നേരത്തെ ഐ.എ.എസ് ഉദ്യോഗസ്ഥന്മാരെ നിയമിച്ച സ്ഥാനത്ത് പകരം രാഷ്ട്രീയ നിയമനങ്ങൾ നടക്കുന്നുവെന്നും കൂടാതെ നിലവിലെ ഭരണാധികാരി ആർ.എസ്.എസുകാരനാണെന്നും ഖുറേഷി ചൂണ്ടിക്കാട്ടി. ലക്ഷദ്വീപിലെ വർഷങ്ങളായി ജനങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഭൂമി സ്വകാര്യ ടൂറിസ്റ്റ് കമ്പനികൾക്ക് കൈമാറുകയും ജനങ്ങൾ വഴിയാധാരമാവുകയും ചെയ്യുകയാണ്. ഇതിന്റെ ഫലമായി യുവാക്കൾ തൊഴിൽരഹിതരാവുകയും തൊഴിൽ തേടി ദ്വീപിന് പുറത്തേക്കുപോകാൻ നിർബന്ധിതരാവുകയുമാണ്.

കോൺഗ്രസ്‌ എം.പി പ്രദേശത്തെ പ്രശ്നങ്ങളിൽ ഇടപെടുന്നില്ലെന്നും ജനങ്ങളുടെ പ്രശ്നങ്ങൾക്ക് തണലാവേണ്ട എം.പി ഒളിച്ചോടുകയാണെന്നും, പ്രശ്നങ്ങൾക്ക് പ്രാർഥനയിലൂടെ മാറ്റം വന്നേക്കാമെന്ന ലക്ഷദ്വീപ് എം.പി ഹംദുള്ളാ സഈദിന്റെ പൊതുവേദിയിലെ പ്രസ്താവന യാഥാർത്ഥ്യ ബോധ്യമില്ലാതെയാണെന്നും ഖുറേഷി വിമർശിച്ചു. പ്രാർഥനയല്ല, ശക്തമായ ജനപ്രക്ഷോഭമാണ് വേണ്ടതെന്നും ലക്ഷദ്വീപിൽ സി.പി.ഐ (എം) അടിത്തറ ശക്തിപ്പെടുത്തുന്നതിനായി വർഗ്ഗബഹുജന സംഘടനകളുമായി ചേർന്ന് പ്രക്ഷോഭങ്ങൾ അതിരൂക്ഷമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here