
ന്യൂഡൽഹി: പാർലിമെന്ററി കമ്മിറ്റിയുടെ ക്ഷണം സ്വീകരിച്ചു ലക്ഷദ്വീപിലെ ഭൂമി പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ അവതരിപ്പിക്കുന്നതിനായി ഡൽഹിയിൽ ക്യാമ്പ് ചെയ്തിരിക്കുന്ന ഐക്യവേദി പ്രവർത്തകരെ ഡൽഹിയിൽ ചെന്ന് സന്ദർശിച്ച് എൻ.സി.പി (എസ്.പി) പ്രവർത്തകരായ സലാഹുദ്ധീൻ പീച്ചിയത്തും, മഹദാ ഹുസൈനും. ആഴ്ച്ചകളോളമായി ഡൽഹിയിൽ ക്യാമ്പ് ചെയ്തിരിക്കുന്ന ഐക്യവേദി അംഗങ്ങൾക്ക് നേരിട്ട് പിന്തുണ അറിയിക്കുന്നതിനാണ് ഇവർ ഡൽഹിയിൽ എത്തിയത്.
ലക്ഷദ്വീപിലെ ആൾ താമസമില്ലാത്ത ദ്വീപായ തിണ്ണകരയിലെ ഭൂമി പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് വൈദ്യുതി കണക്ഷൻ പോലുമില്ലാതെ ഷെഡ്ഡ് കെട്ടി താമസിച്ച് സമരം നടത്തികൊണ്ടിരിക്കെ ഐക്യവേദി ഭാരവാഹി ജംഹറിന് പാർലിമെന്ററി കമ്മിറ്റിയുമായി യാദൃശ്ചികമായി കൂടിക്കാഴ്ച്ചക്ക് അവസരമുണ്ടായി. തുടർന്നാണ് ലക്ഷദ്വീപിലെ ഭൂമി പ്രശ്നം ഡൽഹിയിൽ ചെന്ന് പാർലമെന്ററി കമ്മിറ്റിയുടെ മുന്നിൽ അവതരിപ്പിക്കാനുള്ള സാഹചര്യങ്ങളിലേക്ക് വഴിയൊരുക്കിയത്. പാർലിമെന്ററി കമ്മിറ്റിയെ കാണാനാണ് ഐക്യവേദി പ്രതിനിധികൾ ഡൽഹിയിൽ എത്തിയതെങ്കിലും, എസ്.ടി കമ്മീഷൻ, മറ്റു ഗോത്ര വിഭാഗ സന്നദ്ധ സംഘടനകൾ എന്നിവരുമായി ചർച്ച നടത്തി വരുകയാണ് ഐക്യവേദി പ്രവർത്തകർ.
ഇത് ലക്ഷദ്വീപിന്റെ നിലനിൽപ്പിന്റെ പ്രശ്നമാണെന്നും ഇത്തരം കൂട്ടായ്മകളെ രാഷ്ട്രീയ ഭേദമന്യേ പിന്തുണക്കാൻ എല്ലാവരും രംഗത്ത് വരണമെന്നും സലാഹുദ്ധീൻ പീച്ചിയത്തും, മഹദാ ഹുസൈനും പറഞ്ഞു.
