
കവരത്തി: ലക്ഷദ്വീപ് ദ്വീപുകളിലേക്കുള്ള വിദേശ ടൂറിസ്റ്റുകളുടെ പ്രവേശന നടപടികൾ ഇനി കൂടുതൽ ലളിതമാകുന്നു. ബോണഫൈഡ് വിദേശ വിനോദസഞ്ചാരികൾക്ക് അനുമതി നൽകാൻ ജില്ലാ കളക്ടറെ അധികാരപ്പെടുത്തി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പുതിയ ഗസറ്റ് ഉത്തരവ് പുറപ്പെടുവിച്ചു. ഈ ഉത്തരവിലൂടെ അനുമതി നേടുന്നതിനുള്ള നീണ്ട നിയന്ത്രണ നടപടികൾക്ക് മാറ്റമുണ്ടാകും. വിനോദ സഞ്ചാരികൾക്ക് അവരുടെ ദ്വീപ് യാത്ര എളുപ്പത്തിൽ ക്രമീകരിക്കാൻ ഇത് സഹായിക്കും.
ദ്വീപ് സന്ദർശനം കർശനമായ നിയമങ്ങൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായിരിക്കും. വിനോദ സഞ്ചാരികൾക്ക് സാധുവായ പാസ്‌പോർട്ടും ടൂറിസ്റ്റ് വിസയും ഉണ്ടായിരിക്കണം, സഞ്ചാര അനുമതി ലഭിച്ചതിന് ശേഷം അത് നിർദ്ദിഷ്ട ദ്വീപുകൾക്കും നിശ്ചിത കാലാവധിയിലേക്കും മാത്രം ബാധകമായിരിക്കും. കൂടാതെ സഞ്ചാര അനുമതി നൽകുമ്പോൾ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും ഉത്തരവിലൂടെ വ്യക്തമാക്കുന്നു.
ലക്ഷദ്വീപ് യാത്രക്ക് കുറഞ്ഞ സമയംകൊണ്ടു അനുമതി ലഭിക്കാൻ വിദേശ സഞ്ചാരികൾക്ക് വഴിയൊരുക്കുകയാണ് ഉത്തരവിന്റെ ലക്ഷ്യം. പുതിയ ഉത്തരവിലൂടെ ലക്ഷദ്വീപിലെ വിദേശ ടൂറിസം മേഖല കൂടുതൽ വിപുലമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
