ചെത്ത്ലാത്ത്: ഇന്റർ ഐലന്റ് പ്രൈസ് മണി ക്രിക്കറ്റ് ടൂർണമെന്റിൽ അമിനി ദ്വീപ് ജേതാക്കൾ. ഇന്നലെ കടമത്ത് ദ്വീപുമായി നടന്ന ഫൈനൽ മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് അമിനി ദ്വീപ് വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത കടമത്ത് ദ്വീപിന് നിശ്ചിത 15 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 175 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. കടമത്ത് ദ്വീപിന് വേണ്ടി ഹുദൈഫ, ഇർഷാദ് ഖാൻ എന്നിവർ അർധ സെഞ്ചുറി നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ അമിനി ദ്വീപ് 10.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് എടുത്ത് ചാമ്പ്യൻഷിപ്പ് ഉറപ്പിക്കുകയായിരുന്നു. അമിനിക്ക് വേണ്ടി ബുർഹാൻ 29 പന്തിൽ നിന്നും 69 റൺസ് എടുത്തു. മുഹമ്മദ് ഫാസിൽ, അമൻ ഹുസൈൻ, ഇമ്രാൻ ഖാൻ എന്നിവരുടെ ബാളിംഗ് മികവു കൊണ്ട് കൂടിയാണ് അമിനി ദ്വീപിന് ജേതാക്കളാവാൻ സാധിച്ചത്.

ടൂർണമെന്റിൽ 262 റൺസ് സ്വന്തമാക്കിയ ആന്ത്രോത്ത് ദ്വീപിലെ മുഹമ്മദ് ബിഷറുൽ ഹാഫിയാണ് ഏറ്റവും കൂടുതൽ റൺസ് നേടിയ താരം. 120 എടുത്ത് പുറത്താവാതെ നിന്ന ബിഷറുൽ ഹാഫി തന്നെയാണ് ഒരു കളിയിൽ ഏറ്റവും ഉയർന്ന സ്കോർ നേടിയ താരമായത്. കിൽത്താൻ ദ്വീപിനു വേണ്ടി പത്തു വിക്കറ്റുകൾ വീഴ്ത്തിയ മുഹമ്മദ് ഫത്തഹുള്ള ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരമായി. നാല് ഓവറിൽ അഞ്ചു റൺസ് മാത്രം വഴങ്ങിയ മിനിക്കോയ് താരം ഖാലിദ് കിരാഗോത്തി ടൂർണമെന്റിലെ മികച്ച ബൗളറായി. 721 സിക്സറുകളും 481 ഫോറുകളും ഉൾപ്പെടെ 1202 ബൗണ്ടറികളാണ് ടൂർണമെന്റിൽ ഉടനീളം എല്ലാ ടീമുകൾക്കുമായി താരങ്ങൾ അടിച്ചു തീർത്തത്. ചേത്ത്ലാത്ത് ദ്വീപിന്റെ സംഘാടക മികവ് കൊണ്ടു കൂടി ഇന്റർ ഐലന്റ് പ്രൈസ് ക്രിക്കറ്റ് ടൂർണമെന്റ് ശ്രദ്ധേയമായി.

LEAVE A REPLY

Please enter your comment!
Please enter your name here