
കവരത്തി: ലക്ഷദ്വീപിന്റെ ഗതാഗത മേഖലയെ പ്രതിസന്ധിയിലാക്കിക്കൊണ്ട് യാത്ര കപ്പലുകളുടെ ഡോക്കിംഗ് അനന്തമായി നീളുന്നത് അവസാനിപ്പിക്കണമെന്നും കപ്പലുകൾ വേഗത്തിൽ സർവീസിന് എത്തിക്കണമെന്നും ആവശ്യപ്പെട്ട് വിവിധ ദ്വീപുകളിൽ കോൺഗ്രസ് പ്രവർത്തകർ ഭരണകൂട ആസ്ഥാനങ്ങളിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
ഗതാഗതരംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ ലക്ഷദീപ് എം.പി ഹംദുള്ള സഈദ് നടത്തുന്ന പരിശ്രമങ്ങൾക്കുള്ള കോൺഗ്രസ് പാർട്ടിയുടെ പിന്തുണ കൂടിയാണ് പ്രതിഷേധ മുന്നേറ്റമെന്ന് നേതാക്കൾ പ്രസ്താവിച്ചു
കപ്പൽ പ്രശ്നത്തിന് പുറമേ കപ്പൽ ജീവനക്കാരുടെ അർഹമായ ആനുകൂല്യങ്ങൾ തടഞ്ഞുവെക്കുന്ന എൽ.ഡി.സി.എൽ അധികൃതരുടെ നടപടികൾ തിരുത്തണമെന്നും ജീവനക്കാരുടെ എണ്ണം വെട്ടിക്കുറക്കാനുള്ള അധികൃതരുടെ നീക്കം പുനഃ പരിശോധിക്കണമെന്നും പ്രതിഷേധത്തോട് അനുബന്ധിച്ച് നൽകിയ നിവേദനത്തിൽ നേതാക്കൾ ആവശ്യപ്പെട്ടു.
കപ്പൽ ടിക്കറ്റ് വിൽപ്പന നടത്തുന്ന സൈറ്റിലെ തുടർച്ചയായ സാങ്കേതിക പിഴവുകൾ ഉടൻ തിരുത്താൻ നടപടികൾ സ്വീകരിക്കണമെന്നും അതുവരെ അൻപത് ശതമാനം ടിക്കറ്റ് പോർട്ട് കൗണ്ടറുകളിലൂടെ നൽകണമെന്നും ആവശ്യപ്പെട്ടു.
തലസ്ഥാന ദ്വീപായ കവരത്തിയിൽ ലക്ഷദ്വീപ് ഡെവലപ്മെൻറ് കോർപ്പറേഷൻ ആസ്ഥാന കാര്യാലയത്തിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് മുൻ കോൺഗ്രസ് പ്രസിഡണ്ട് പൊന്നിക്കം ഷെയ്ക്കോയ ഉദ്ഘാടനം ചെയ്തു. നേതാക്കളായ ആചാട അഹമ്മദ് ഹാജി, എം ഐ ആറ്റക്കോയ, പി പി അബ്ബാസ്, കവരത്തി ബ്ലോക്ക് പ്രസിഡണ്ട് അബ്ദുൽ റസാക്ക് എന്നിവർ നേതൃത്വം നൽകി. വിവിധ ദ്വീപുകളിൽ ഡെപ്യൂട്ടി കളക്ടർമാരുടെ ഓഫീസിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുകയും നിവേദനം നൽകുകയും ചെയ്തു.
