
കൊച്ചി: കഴിഞ്ഞ വർഷം സെപ്തംബർ 10-ന് കാണാതായ ചെത്ത്ലാത്ത് ദ്വീപ് സ്വദേശി അബ്ദുൽ റഹ്മാന്റെ കേസിൽ പ്രത്യേക അന്വേഷണം നടത്താൻ ഹൈക്കോടതിയുടെ നിർദ്ദേശം. പോലീസ് കസ്റ്റഡിയിൽ ഉണ്ടായിരുന്ന അബ്ദുൽ റഹ്മാനെ കാണാതായിട്ട് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ അന്വേഷണത്തിൽ വീഴ്ച വരുത്തി എന്ന് കാണിച്ച് അബ്ദുൽ റഹ്മാന്റെ ഭാര്യയാണ് കോടതിയെ സമീപിച്ചത്. കേസുമായി ബന്ധപ്പെട്ട് സ്റ്റേഷനിൽ എത്തിയ നാട്ടുകാരോടും എസ്.എച്ച്.ഒ അപമര്യാദയായി പെരുമാറിയിരുന്നു. അന്വേഷണം തൃപ്തികരമല്ലാത്തതിനാൽ എസ്.എച്ച്.ഒയേക്കേൾ ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തണം എന്നാണ് കോടതി ഉത്തരവിട്ടത്. ജസ്റ്റിസ് കൗസർ എടപ്പകത്തിന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
