കവരത്തി: രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിൽ എട്ടു തവണ “ഇടത്തരം സാധാരണക്കാർ” എന്ന് ആവർത്തിച്ച സാഹചര്യത്തിൽ കേന്ദ്ര ബജറ്റിൽ സാധാരണക്കാരായ ജനങ്ങൾക്ക് വേണ്ടിയുള്ള പ്രഖ്യാപനങ്ങൾ ഉണ്ടാവുമെന്ന പ്രതീക്ഷയിൽ രാജ്യം നിൽക്കുന്ന ഘട്ടത്തിൽ പാർലമെന്റിൽ ബജറ്റ് അവതരിപ്പിക്കുന്ന അതേ ദിവസം തന്നെ കവരത്തിയിലെ സാധാരണക്കാരിൽ സാധാരണക്കാരായ മത്സ്യബന്ധന തൊഴിലാളികളുടെ മാസ് വേലികളും ഷെഡുകളും ലക്ഷദ്വീപ് ഭരണകൂടം പൊളിച്ചു നീക്കി. പോലീസ് സർക്കിൾ ഇൻസ്പെക്ടർ അലി അക്ബറിന്റെ നേതൃത്വത്തിൽ പൊലീസ് സുരക്ഷയിലാണ് കവരത്തിയിലെ ഷെഡുകൾ പൊളിച്ചു നീക്കിയത്.

മത്സ്യബന്ധന തൊഴിലാളികളുടെ ഷെഡുകൾ പൊളിച്ചു നീക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി നേരത്തെ വിധി പുറപ്പെടുവിച്ചതാണ്. മത്സ്യബന്ധന തൊഴിലാളികൾക്ക് പ്രത്യേകമായ സ്ഥലം അനുവദിച്ച ശേഷം മാത്രമെ ഷെഡുകൾ പൊളിക്കാവൂ എന്നാണ് കോടതി നിർദേശിച്ചിട്ടുള്ളത്. കോടതി വിധിയെ കാറ്റിൽ പറത്തിയാണ് ഇന്ന് പുലർച്ചെ മാസ് വേലികൾ തകർത്തു കളഞ്ഞത്. ശനിയാഴ്ച പുലർച്ചെയായതിനാൽ രണ്ടു ദിവസത്തേക്ക് കോടതിയെ സമീപിക്കാൻ പോലും കഴിയാത്ത നിസ്സഹായാവസ്ഥയിലാണ് മത്സ്യബന്ധന തൊഴിലാളികൾ. പഞ്ചായത്ത് സ്റ്റേജിന് പിൻവശത്തെ സ്ഥലം മത്സ്യബന്ധന തൊഴിലാളികൾക്കായി മാറ്റി വെച്ചിട്ടുണ്ട് എന്ന് സംഭവ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ വാക്കാൽ പറഞ്ഞിട്ടുണ്ട്. എന്നാൽ ഇത് രേഖാമൂലം അറിയിച്ചിട്ടില്ല എന്ന് മത്സ്യബന്ധന തൊഴിലാളികൾ പറയുന്നു. മാത്രവുമല്ല, പഞ്ചായത്ത് സ്റ്റേജിന് പിൻവശത്തെ സ്ഥലം മത്സ്യബന്ധന തൊഴിലാളികളുടെ ആവശ്യങ്ങൾക്ക് പര്യാപ്തമായതല്ല എന്നും, അവിടെയാണ് സർക്കാരിന്റെ വിവിധ വകുപ്പുകളുടെ ബോട്ടുകൾ കെട്ടിയിടുന്നത് എന്നും മത്സ്യബന്ധന തൊഴിലാളികൾ പറയുന്നു.

കാലങ്ങളായി ഞങ്ങൾ ജനിച്ചു ജീവിച്ചു വരുന്ന ഞങ്ങളുടെ മണ്ണ് വിട്ടു തരില്ല എന്ന് പറഞ്ഞ മത്സ്യബന്ധന തൊഴിലാളികളോട് “നിനക്കൊക്കെ മുൻപ് എന്നെ പ്രസവിച്ചതല്ലേ” എന്ന മറു ചോദ്യമുയർത്തിയാണ് ദ്വീപുകാരനായ പോലീസ് ഉദ്യോഗസ്ഥൻ മറുപടി നൽകിയത്. ജനങ്ങൾ കൂട്ടമായി ചേർന്ന് പരമാവധി പ്രതിരോധം തീർക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും കനത്ത സുരക്ഷയിൽ മാസ് വേലികളും ഷെഡുകളും പൊളിക്കുകയായിരുന്നു. പഴയ കേസിൽ തന്നെ കൂടുതൽ ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് മത്സ്യബന്ധന തൊഴിലാളികൾ.

LEAVE A REPLY

Please enter your comment!
Please enter your name here