മുംബൈ: മുംബൈ തുറമുഖത്തിൽ അറ്റകുറ്റപ്പണികൾക്കായി കൊണ്ട് പോയ എം.വി. കവരത്തി, എം.വി. കോറൽസ് എന്നീ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ യാത്ര കപ്പലുകളുടെ അറ്റകുറ്റപ്പണികളുടെ പുരോഗതി വിലയിരുത്തി ലക്ഷദ്വീപ് എം.പി അഡ്വ.ഹംദൂള്ള സഈദ്.

കപ്പലുകളുടെ അറ്റകുറ്റപണികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കാലതാമസം വന്നതിനാൽ യാത്രാരംഗത്ത് പ്രതിസന്ധി രൂപപ്പെട്ട സാഹചര്യത്തിലാണ് അറ്റകുറ്റപ്പണികളുടെ പുരോഗതി വിലയിരുത്താനും നടപടികൾ വേഗത്തിലാക്കാനും എംപി കപ്പലുകൾ സന്ദർശിച്ചത്.

ഏറ്റവും കൂടുതൽ യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള എം വി കവരത്തി ലക്ഷദ്വീപിൽ സർവീസ് നടത്തുന്ന മുംബൈ പോർട്ടിൽ കഴിഞ്ഞ ആറുമാസമായി അറ്റകുറ്റപ്പണികൾക്കായി തുടരുകയാണ്. ഈ കപ്പൽ സർവീസിലേക്ക് തിരിച്ചെത്തിയാൽ ദ്വീപിലെ നിലവിലുള്ള യാത്രാ പ്രതിസന്ധിക്ക് വലിയൊരു അളവിൽ പരിഹാരമാവും. എം.വി കോറൽസ് എന്ന യാത്രക്കാരെയും ചരക്കും വഹിക്കുന്ന മറ്റൊരു യാത്രാ കപ്പൽ കൂടി മുംബൈ തുറമുഖത്ത് അറ്റകുറ്റപണികൾ നടത്തുന്നുണ്ട്. കപ്പലുകൾക്ക് ആവശ്യമായ സ്പെയർ പാർട്സുകൾ ലഭ്യമാവുന്നതിൽ കാലതാമസം ഉണ്ടാകുന്നു എന്ന പരാതി ഗൗരവത്തോടെ എടുക്കുന്നുവെന്നും എം.പി എന്ന നിലയിൽ ഈ പ്രശ്നം പരിഹരിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കാൻ അധികൃതരോട് ആവശ്യപ്പെടുമെന്നും അദ്ദേഹം അറിയിച്ചു. യാത്ര കപ്പലുകളുടെ അറ്റകുറ്റപ്പണികൾ സമയബന്ധിതമായി പൂർത്തിയാക്കാത്തത് യാത്രാ ക്ലേശത്തിന് കാരണമാകുന്നുവെന്നും ഇതിന് വേഗത്തിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുംബൈ പോർട്ട് അധികാരികളും എം.വി കോറൽസ്, എം.വി കവരത്തി കപ്പൽ ക്യാപ്റ്റന്മാരും ജീവനക്കാരും ചേർന്ന് എംപിയെ സ്വീകരിച്ചു. ഡയറക്ടർ ജനറൽ ഷിപ്പിംഗ് ഓഫീസ് സന്ദർശിച്ച് അധികൃതരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് എംപി മടങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here