ആന്ത്രോത്ത്: ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാക്കാൻ ആന്ത്രോത്ത് ഫ്രണ്ട്സ് ക്രിക്കറ്റ് ക്ലബിന്റെ ആഭിമുഖ്യത്തിൽ മൂന്നാമത് ഫ്രണ്ട്സ് പ്രീമിയർ ലീഗ് ഉടൻ ആരംഭിക്കുന്നു. റമസാൻ മാസം അവസാനിച്ച ഉടനെ ഏപ്രിൽ മാസം പകുതിയോടെ ടൂർണമെന്റ് സംഘടിപ്പിക്കുന്നതിനാണ് ക്ലബ് ഭാരവാഹികൾ ആലോചിക്കുന്നത്. ദ്വീപുകളിലെ പ്രധാന കായിക ഇനമായി ക്രിക്കറ്റിനെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് അതിവിശാലമായ സൗകര്യങ്ങളോടെ നൂതന സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തി പ്രീമിയർ ലീഗ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ടൂർണമെന്റിലൂടെ ലക്ഷദ്വീപിലെ വളർന്നു വരുന്ന യുവ ക്രിക്കറ്റ് താരങ്ങൾക്ക് അവർ അർഹിക്കുന്ന അവസരം നൽകുക കൂടി ലക്ഷ്യമിടുനനതായി സംഘാടകർ പറഞ്ഞു. ടൂർണമെന്റിൽ കിരീടം ചൂടുന്ന ടീമിന് 70000 രൂപയും രണ്ടാം സ്ഥാനം നേടുന്ന ടീമിന് 50000 രൂപയും നൽകും. ടീം രജിസ്ട്രേഷൻ ഫെബ്രുവരി 1 മുതൽ മാർച്ച്‌ 15 വരെ ചെയ്യാം.

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ മാനദണ്ഡങ്ങൾ പാലിക്കുന്ന ടൂർണമെന്റിൽ ലെതർ ബോളുകളാവും ഉപയോഗിക്കുക. പതിനഞ്ച് ഓവർ മാച്ചുകളിൽ പ്രൊഫഷണൽ ടൂർണമെന്റുകളുടെ നിലവാരം പുലർത്താനുള്ള ഒരുക്കങ്ങളാണ് അണിയറയിൽ നടക്കുന്നത്. ഇതുവഴി ക്രിക്കറ്റ് താരങ്ങൾക്ക് ഭാവിയിൽ പ്രൊഫഷണൽ ക്രിക്കറ്റിലേക്ക് എത്തിച്ചേരുന്നതിന് ആവശ്യമായ പരിശീലനം നൽകുന്നതിനും ഫ്രണ്ട്സ് ക്രിക്കറ്റ് ക്ലബ് പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ട്.

ടൂർണമെന്റിന് ആവശ്യമായ പോലീസ് അനുമതി, മെഡിക്കൽ പ്രഥമ ശുശ്രൂഷക്ക് വേണ്ട ആരോഗ്യ വകുപ്പിന്റെ സഹകരണം എന്നിവ ആവശ്യപ്പെട്ടു കൊണ്ട് ക്ലബ് ഭാരവാഹികൾ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. കൂടാതെ സായ് ഗ്രൗണ്ട് അനുവദിക്കണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ആന്ത്രോത്ത് ഐലന്റ് ക്രിക്കറ്റ് അസോസിയേഷന്റെ സഹകരണം ആവശ്യപ്പെട്ടു കൊണ്ട് അസോസിയേഷൻ പ്രസിഡന്റ് ബി ജിഹാദുൽ അക്ബറിന് ഫ്രണ്ട്സ് ക്രിക്കറ്റ് ക്ലബ് ഭാരവാഹികൾ കത്ത് നൽകുകയും ചെയ്തു. ടൂർണമെന്റിന് സ്പോൺസർ ചെയ്യാനും ടീം രജിസ്ട്രേഷനും ഈ നമ്പറുകളുമായി ബന്ധപ്പെടുക 9495294864, 82814 49435

LEAVE A REPLY

Please enter your comment!
Please enter your name here