
ന്യൂഡൽഹി: കൊച്ചി മെട്രോ പദ്ധതി വിജയകരമായി മുന്നേറുന്ന സാഹചര്യത്തിൽ, കൊച്ചിക്ക് പുറമെ ലക്ഷദ്വീപ് ഉൾപ്പെടെയുള്ള പതിനെട്ട് സ്ഥലങ്ങളിൽ വാട്ടർ മെട്രോയുടെ സാധ്യതാ പഠനം നടത്താൻ കൊച്ചി വാട്ടർ മെട്രോയോട് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചു. ഗുവാഹത്തിയിലെ ബ്രഹ്മപുത്ര തടാകം, ജമ്മു കാശ്മീരിലെ ദാൽ തടാകം, ആന്തമാൻ, ലക്ഷദ്വീപ്, അഹമ്മദാബാദ് (സബർമതി), സൂറത്ത്, മംഗലാപുരം, അയോധ്യ, ധുബ്രി, ഗോവ, കൊല്ലം, മുംബൈ ഉൾപ്പെടെയുള്ള പതിനെട്ട് നഗരങ്ങളിലെ കായലുകൾ, തീരദേശ പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് കൊച്ചി വാട്ടർ മെട്രോയുടെ മാധൃകയിലുള്ള പദ്ധതികളുടെ സാധ്യത പരിശോധിക്കുന്നത്.
പഠനം പൂർത്തിയാക്കിയ ശേഷം അനുയോജ്യമായ സ്ഥലങ്ങളിൽ പ്രത്യേകം പദ്ധതികൾ നടപ്പിലാക്കുന്നതിന് വേണ്ട വിശദമായ ഡി.പി.ആർ കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡ് തയ്യാറാക്കി കേന്ദ്രത്തിന് നൽകും.
അടുത്തടുത്ത ദ്വീപുകളെ ബന്ധിപ്പിക്കുന്ന രീതിയിൽ കൊച്ചി മെട്രോ മാതൃകയിൽ പുതിയ പദ്ധതി അനുവദിച്ചാൽ ലക്ഷദ്വീപിലെ യാത്രാ പ്രശ്നങ്ങൾക്ക് പരിഹാരമാവുന്നത് കൂടാതെ വിനോദ സഞ്ചാര മേഖലയുടെ മുന്നേറ്റത്തിനും അത് സഹായിക്കും.
