
മിനിക്കോയ്: കടൽ തീരത്തൊട് ചേർന്നുള്ള സ്ഥലത്ത് ആശുപത്രി നിർമ്മാണത്തിന് എന്ന പേരിൽ നാടിന് തണലേകുന്ന നിരവധി മരങ്ങൾ വേരോടെ പിഴുതെറിഞ്ഞു. തീരദേശ സംരക്ഷണ നിയമമായ സി.ആർ.സെഡിന്റെ ഭാഗമായുള്ള നോൺ ഡെവലപ്മെന്റ് സോണിലാണ് ഈ പ്രദേശം ഉൾപ്പെടുന്നത് എന്ന് എൻ.സി.പി (എസ്) സംസ്ഥാന വൈസ് പ്രസിഡണ്ട് തൗസീഫ് പറഞ്ഞു.
നിലവിലുള്ള മിനിക്കോയ് ആശുപത്രി കോമ്പൗണ്ടിൽ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കാനുള്ള മതിയായ സ്ഥല സൗകര്യമുണ്ട്. ജനങ്ങൾക്ക് വേണ്ടിയാണ് ആശുപത്രി നിർമ്മാണമെങ്കിൽ അവിടെയാണ് നിർമ്മാണങ്ങൾ നടത്തേണ്ടത്. ദ്വീപിന്റെ നിലനിൽപിന് തന്നെ ഭീഷണിയായ രീതിയിൽ നാടിന് സംരക്ഷണം നൽകുന്ന മരങ്ങൾ കൂട്ടത്തൊടെ മുറിച്ചു മാറ്റിയല്ല വികസനം കൊണ്ടുവരേണ്ടത്. പരിസ്ഥിതി വകുപ്പും തീരസംരക്ഷണ വകുപ്പുമെല്ലാം നിയമവിരുദ്ധമായി ഇത്തരം നിർമ്മാണ പ്രവർത്തനങ്ങൾക്ക് മൗനാനുവാദം നൽകുകയാണ്. ലക്ഷദ്വീപ് എം.പി ഹംദുള്ളാ സഈദ് ഇത്തരം വിഷയങ്ങളിൽ പ്രതികരിക്കുന്നില്ല. ജനങ്ങളെ ബാധിക്കുന്ന ഇത്തരം വിഷയങ്ങളിൽ പ്രതികരിക്കണം എന്ന് അദ്ദേഹത്തോട് ആവശ്യപ്പെടുന്നു. നാടിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന ലക്ഷദ്വീപ് ഭരണകൂടത്തിന്റെ തെറ്റായ നടപടിയിൽ എൻ.സി.പി (എസ്) സംസ്ഥാന കമ്മറ്റി ശക്തമായി പ്രതിഷേധിക്കുന്നതായും തൗസീഫ് പറഞ്ഞു.
