അമിനി: ലക്ഷദ്വീപ് എം.പി ഹംദുള്ളാ സഈദിന് കേന്ദ്ര സർക്കാറിനെതിരെയും പട്ടേലിനെതിരെയും പ്രതികരിക്കാൻ ഭയമാണെന്ന മുൻ എം.പി പി.പി മുഹമ്മദ് ഫൈസലിന്റെ വാക്കുകൾക്ക് തിരിച്ചടിയുമായി ഹംദുള്ളാ സഈദ് എം.പി. തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായി അമിനിയിൽ എത്തിയ ഹംദുള്ളാ സഈദിന് ആവേശകരമായ സ്വീകരണമാണ് അമിനിയിലെ പാർട്ടി പ്രവർത്തകരും നേതാക്കളും നൽകിയത്. തുടർന്ന് രാത്രി നടന്ന പൊതു യോഗത്തിലാണ് അദ്ദേഹം ഫൈസലിനെതിരെ സംസാരിച്ചത്. മറുപക്ഷം പറയുന്നത് എനിക്ക് നിലവിലുള്ള ഭരണകൂടത്തെ പേടിയുണ്ട്, കേന്ദ്ര സർക്കാരിനെ പേടിയുണ്ട് എന്നൊക്കെയാണ്. ‘എനിക്ക് ആരെയും പേടിയില്ല. പേടിക്കേണ്ടത് തെറ്റു ചെയ്തവരാണ്. പേടിക്കേണ്ടത് മോഷ്ടിച്ചവരാണ്. പേടിക്കേണ്ടത് അഴിമതി ചെയ്തവരാണ്. പേടിക്കേണ്ടത് മത്സ്യത്തൊഴിലാളികളെ വഞ്ചിച്ചവരാണ്. ഞാൻ തെറ്റു ചെയ്തിട്ടില്ല. എനിക്ക് ഭയമുണ്ടോ എന്ന് അറിയാൻ പതിനെട്ടാം ലോക്സഭയിലെ എന്റെ ആദ്യത്തെ പ്രസംഗം പൂർണ്ണമായി കേട്ടാൽ മനസ്സിലാകും.’ ഹംദുള്ളാ സഈദ് പറഞ്ഞു.
ഇപ്പോൾ തിണ്ണകരയിലെ വിഷയങ്ങൾ കാണിച്ചു കൊണ്ട് എം.പിക്കെതിരെ പ്രചരണം നടത്തുകയാണ് മറുപക്ഷം. “നിന്നാ കാലത്ത് ഇല്ലിയാല്ലാ ഇതെല്ലം ബന്നത്” എന്ന് ചോദിച്ചാണ് തിണ്ണകരയിലെ വിഷയങ്ങളിൽ ഹംദുള്ളാ സഈദ് തിരിച്ചടിച്ചത്. അന്ന് മൗനം പാലിച്ച അന്നത്തെ എം.പി ഇന്ന് പ്രതിഷേധിക്കുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്നും ഹംദുള്ളാ സഈദ് കൂട്ടിച്ചേർത്തു.
“നാടിന്റെ നിലനിൽപ്പിനെ ബാധിക്കുന്ന പല, എന്ത് കാര്യം തന്നെ ഉണ്ടായാലും ലക്ഷദ്വീപ് എം.പി എന്ന നിലക്ക് തക്കതായ രീതിയിലുള്ള മറുപടി ഉണ്ടാവും” എന്ന് പറഞ്ഞ ഹംദുള്ളാ സഈദ്, പാർട്ടി വേദിയിൽ പോലും പട്ടേൽ എന്ന പേര് പറഞ്ഞു വിമർശിക്കാൻ തയ്യാറായില്ല എന്നതും ശ്രദ്ധേയമാണ്.