അഗത്തി: വിനോദ സഞ്ചാര വികസനത്തിന്റെ മറവിൽ അനധികൃത നിർമ്മാണങ്ങൾ നടക്കുന്ന അഗത്തി ദ്വീപിന്റെ അടുത്തുള്ള തിണ്ണകര ദ്വീപിൽ ലക്ഷദ്വീപ് എം.പി അഡ്വ. ഹംദുള്ള സഈദ് എം.പി സന്ദർശനം നടത്തി. നിർമ്മാണങ്ങൾക്കെതിരെ കോടതിയെ സമീപിച്ചിരിക്കുന്ന ഭൂഉടമകളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ദ്വീപിൽ നടത്തിക്കൊണ്ടിരിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ പരിസ്ഥിതിക്ക് സാരമായ കോട്ടങ്ങൾ ഉണ്ടാക്കുന്നതും ആവശ്യമായ അനുമതികൾ ഇല്ലാത്തതുമാണെന്ന ഭൂ ഉടമകളുടെ ആശങ്കകൾ ഗൗരവമേറിയതാണെന്നും ഇക്കാര്യത്തിൽ ബന്ധപ്പെട്ട അധികൃതരുമായി ആശയവിനിമയം നടത്തുമെന്നും ഹംദുളളാ സഈദ് എം.പി പറഞ്ഞു.

ദീപുകളുടെ പരിസ്ഥിതിക്കും നിലനിൽപ്പിനും കോട്ടം തട്ടുന്ന തരത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അത്തരം പ്രവർത്തനങ്ങളിൽ നിന്ന് ബന്ധപ്പെട്ടവർ പിന്മാറണമെന്നും ലക്ഷദ്വീപിന്റെ പ്രത്യേകമായ സാഹചര്യങ്ങൾക്ക് അനുയോജ്യമായതും ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കപ്പെടുന്നതുമായ വികസന പ്രവർത്തനങ്ങളാണ് യാഥാർത്ഥ്യമാക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമപരമായും രാഷ്ട്രീയമായും ഇതിനെ പ്രതിരോധിക്കാൻ എം.പി എന്നുള്ള നിലയിൽ ജനങ്ങളോടൊപ്പം നിൽക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ലക്ഷദ്വീപ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി നേതാക്കളും അഗത്തി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളും യൂത്ത് കോൺഗ്രസ്സ് സ്റ്റേറ്റ് കമ്മിറ്റി നേതാക്കളും എം.പിയെ അനുഗമിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here