കൊച്ചി: കൊച്ചിയിൽ നിന്നും അഗത്തിയിലേക്ക് വിമാന നിരക്ക് ₹40,000 രൂപ കടന്നു. ഏതാണ്ട് ഒരു മണിക്കൂർ മാത്രമുള്ള ഇക്കണോമിക് ക്ലാസിലെ യാത്രക്കാണ് ഈ കഴുത്തറുപ്പൻ നിരക്ക് ഈടാക്കുന്നത്. അടുത്ത വെള്ളിയാഴ്ച ഇൻഡിഗോ വിമാനത്തിൽ കൊച്ചിയിൽ നിന്നും അഗത്തിയിലേക്കുളള ബുക്കിംഗ് നിരക്ക് ₹40,668 രൂപയാണ്. ലക്ഷദ്വീപ് ഭരണകൂടത്തിന്റെ പിടിപ്പുകേട് മൂലം യാത്രാ കപ്പലുകളുടെ എണ്ണം വെറും ഒന്നായി കുറഞ്ഞ സാഹചര്യത്തിൽ അഗത്തി, കവരത്തി ദ്വീപുകളിലെ രോഗികളും മറ്റും വിമാന സർവ്വീസിനെ ആശ്രയിക്കുന്നതിനിടയിലാണ് വിമാന കമ്പനികൾ യാത്രക്കാരുടെ കഴുത്തറുക്കുന്ന രീതിയിൽ നിരക്കുകൾ കുത്തനെ കൂട്ടുന്നത്. എന്നാൽ ഇതിനെതിരെ പ്രതികരിക്കാനോ പ്രതിഷേധിക്കാനോ ആരുമില്ലാത്ത അവസ്ഥയാണ്.
കഴിഞ്ഞ ദിവസം ആം ആദ്മി പാർട്ടിയുടെ രാജ്യസഭാംഗം രാഘവ് ഛദ്ദ ഈ വിഷയം രാജ്യസഭയിൽ ഉന്നയിച്ചിരുന്നു. മാലിദ്വീപിൽ നിന്നും വിനോദ സഞ്ചാരികൾ ലക്ഷദ്വീപിലേക്ക് വരണം എന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെടുമ്പോൾ ലക്ഷദ്വീപിലേക്ക് വരുന്നതിന്റെ പകുതി ചിലവിൽ മാലിദ്വീപിലേക്ക് പോവാൻ സാധിക്കും എന്ന് വിമാന നിരക്കുകളുടെ കണക്കുകൾ സഹിതം അദ്ദേഹം സഭയിൽ ഉന്നയിച്ചിരുന്നു. എന്നാൽ വിമാന കമ്പനികൾ ഒരു നിയന്ത്രണവുമില്ലാതെ നിരക്കു വർദ്ധിപ്പിക്കുന്നതിനെതിരെ ലക്ഷദ്വീപിൽ നിന്നും കാര്യമായ പ്രതിഷേധങ്ങൾ ഒന്നും തന്നെ ഉയരുന്നില്ല എന്നതാണ് ഖേദകരം.