തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റലിൽ ലക്ഷദ്വീപ് സ്വദേശിയായ വിദ്യാർഥി ഫയാസ് ഖാനെ മർദ്ദിച്ച സംഭവത്തിൽ കുറ്റാരോപിതരായ 4 വിദ്യാർഥികളെയും എസ്.എഫ്.ഐയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കി. എസ്.എഫ്.ഐയുടെ പാളയം ഏരിയാ കമ്മിറ്റിയാണ് സംഭവത്തിൽ കുറ്റാരോപിതരായ ആകാശ്, കൃപേഷ്, ആദിൽ, അമിഷ് എന്നീ വിദ്യാർഥികളെ എസ്.എഫ്.ഐയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കിയതായി പ്രസ്താവനയിലൂടെ അറിയിച്ചത്. എസ്.എഫ്.ഐ എന്നും വേട്ടയാടപ്പെട്ട മനുഷ്യരുടെ കൂടെയാണെന്നും ലക്ഷദ്വീപ് സ്വദേശി ആയ വിദ്യാർഥി ഫയാസ് ഖാൻ നടത്തുന്ന നിയമ പോരാട്ടത്തിന് എല്ലാ പിന്തുണയും സഹായവും വാഗ്ദാനം ചെയ്യുന്നതായും എസ്.എഫ്.ഐ പാളയം ഏരിയാ കമ്മിറ്റി അറിയിച്ചു.
സംഭവത്തിൽ എസ്.എഫ്.ഐ പാളയം ഏരിയാ കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവന പൂർണ രൂപത്തിൽ:
കഴിഞ്ഞ കുറച്ചു നാളുകളായി യൂണിവേഴ്സിറ്റി കോളേജിനെയും എസ്.എഫ്.ഐയെയും തകർക്കുവാനുള്ള ഗൂഢനീക്കം ആണ് വലതുപക്ഷവും മാധ്യമങ്ങളും ഉൾപ്പെടെ നടത്തുന്നത്. ക്യാമ്പസിൽ നടക്കുന്ന രാഷ്ട്രീയേതര സംഘർഷങ്ങൾ പോലും എസ്.എഫ്.ഐയുടെ മുകളിൽ ചാർത്തി മാധ്യമ വേട്ടയാടലുകൾ ആണ് നടത്തുന്നത്. കഴിഞ്ഞദിവസം ഹോസ്റ്റലിൽ ലക്ഷദ്വീപിൽ നിന്നുള്ള വിദ്യാർഥിയെ മർദ്ദിച്ചതിൽ എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ആരും തന്നെ ഇല്ല. എന്നാൽ എസ്.എഫ്.ഐയുടെ മെമ്പർഷിപ്പിലുള്ള ആകാശ്, കൃപേഷ്, ആദിൽ, അമിഷ് എന്നിവർ സംഘർഷത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് വിദ്യാർഥികൾ നൽകിയ പരാതിയിൽ ഉണ്ട്. എസ്.എഫ്.ഐയുടെ മെമ്പർഷിപ്പ് കേഡർ മെമ്പർഷിപ്പ് അല്ല എന്നും കോൺടാക്ട് മെമ്പർഷിപ്പ് എന്നാണെന്നും മെമ്പർഷിപ്പ് എടുക്കാൻ ആഗ്രഹിക്കുന്ന ആർക്കും മെമ്പർഷിപ്പ് നൽകുന്ന രീതിയാണ് SFI അവലംബിക്കുന്നത് എന്നും അറിയാത്തവർ അല്ല കേരളത്തിലെ മാധ്യമങ്ങളും വലതുപക്ഷവും.
എങ്കിലും കേരളത്തിലെ 16 ലക്ഷം മെമ്പർമാരിൽ 4 പേർ മാത്രമാണ് ഇവർ എന്ന തിരിച്ചറിവ് ഉണ്ടായിട്ടും SFI യുടെ അംഗത്വം മാത്രമുള്ള വിദ്യാർഥികളെ SFI നേതാക്കന്മാർ ആക്കി അവതരിപ്പിക്കുകയാണ്. SFI എന്നും വേട്ടയാടപ്പെട്ട മനുഷ്യരുടെ കൂടെയാണ്. വിദ്യാർഥി നൽകിയ പരാതിയിൽ ഉൾപെട്ട SFI അംഗങ്ങളായ ഈ 4 പേരെയും SFI യുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി അറിയിക്കുന്നു. ലക്ഷദ്വീപ് സ്വദേശി ആയ വിദ്യാർഥി നടത്തുന്ന നിയമ പോരാട്ടത്തിന് എല്ലാ പിന്തുണയും സഹായവും വാഗ്ദാനം ചെയ്യുന്നതായി SFI പാളയം ഏരിയാ കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.