ഡൽഹി: ലക്ഷദ്വീപിലെ അതിരൂക്ഷമായ ഗതാഗത പ്രശ്നത്തിന് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന് അവശ്യപ്പെട്ട് ലക്ഷദ്വീപ് എം.പി അഡ്വ.ഹംദുള്ളാ സഈദ് തുറമുഖ വകുപ്പ് സെക്രട്ടറിയും എൽ.ഡി.സി.എൽ എം.ഡിയുമായ വിക്രാന്ത് രാജയുമായി കൂടിക്കാഴ്ച നടത്തി.

കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ പുതിയതായി ഒരൊറ്റ കപ്പൽ പോലും വരാത്തതും മുൻ വർഷങ്ങളിൽ കൃത്യമായ അറ്റകുറ്റപ്പണികൾ നടത്താതെ കപ്പലുകൾ സർവ്വീസ് നടത്തിയതും കാരണം അറേബ്യൻ സീ, ലക്ഷദ്വീപ് സീ അടക്കമുള്ള പല കപ്പലുകളും നിലവിൽ വളരെ മോശമായ അവസ്ഥയിലാണ് എന്ന കാര്യം അദ്ദേഹത്തിന്റെ ശ്രദ്ധയിൽപെടുത്തിയതായി ഹംദുള്ളാ സഈദ് പറഞ്ഞു. ഒപ്പം തന്നെ കേരളത്തിൽ കുടുങ്ങിക്കിടക്കുന്ന ലക്ഷദ്വീപുകാരുടെ കാര്യത്തിൽ വേണ്ടവിധത്തിലുള്ള സംവിധാനം ഒരുക്കി അവരെ നാട്ടിലെത്തിക്കാനുള്ള നടപടി കൈക്കൊള്ളണമെന്നും വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാനുള്ള ടിക്കറ്റ് റിസർവേഷന് പുറമെ അഡീഷണൽ പ്രോഗ്രാം ഒരുക്കണമെന്നും കപ്പൽ ടിക്കറ്റിംഗ് സിസ്റ്റം എത്രെയും പെട്ടെന്ന് മികവുറ്റതാക്കേണ്ടതിന്റെ ആവശ്യകതയും ചർച്ചയിൽ അദ്ദേഹം ഉന്നയിച്ചു. കപ്പൽ ജീവനക്കാരുടെ സംഘടനയായ LSWA ഉന്നയിച്ചിട്ടുള്ള വിവിധ പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയും ആ വിഷയങ്ങളിൽ ന്യായമായ രീതിയിൽ അനുയോജ്യമായ പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടതായി ഹംദുള്ളാ സഈദ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here