ന്യൂഡൽഹി: ലക്ഷദ്വീപിലെ സാധാരണക്കാരായ ജനങ്ങളുടെ യാത്രാ അവകാശം, ഉന്നത വിദ്യാഭ്യാസത്തിനും വിദഗ്ധ ചികിൽസക്കുമായുള്ള സാഹചര്യം ഉറപ്പു വരുത്തണം എന്ന് ആവശ്യപ്പെട്ട് സി.പി.ഐ (എം) രാജ്യസഭാംഗം ഡോ.വി ശിവദാസൻ എം.പി കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലഗതാഗത വകുപ്പ് മന്ത്രി ശ്രീ.സർബാനന്ദ സോനോവാളിനെ കണ്ട് നിവേദനം നൽകി. കപ്പലുകളുടെ അപര്യാപ്തത മൂലം ലക്ഷദ്വീപിലെ സാധാരണക്കാരായ ജനങ്ങൾ വലിയ യാത്രാ ദുരിതമാണ് അനുഭവിക്കുന്നത്. കപ്പൽ ടിക്കറ്റ് ലഭിക്കുക എന്നത് ഏതാണ്ട് അസാധ്യമായ കാര്യമായി മാറിയിരിക്കുന്നു. ലക്ഷദ്വീപ് സെക്ടറിൽ എല്ലാ കാലാവസ്ഥയിലും ഓടിക്കാവുന്ന കപ്പലുകളും നാമമാത്രമായി കുറഞ്ഞിരിക്കുന്നു. ഇതുമൂലം വിദ്യാർത്ഥികളുടെ ഉന്നത വിദ്യാഭ്യാസത്തിനും രോഗികളുടെ വിദഗ്ധ ചികിൽസക്കുമായുള്ള യാത്രകൾ പരിമിതമാണ്. യാത്രാ സൗകര്യങ്ങളുടെ കുറവ് മൂലം ഉദ്യോഗം, വാണിജ്യം എന്നിവ പരിമിതപ്പെടുക വഴി ലക്ഷദ്വീപിന്റെ സമ്പദ്ഘടനയെ തന്നെ സാരമായി ബാധിക്കുന്നു. അതുകൊണ്ട് തന്നെ സാധാരണക്കാരായ ജനങ്ങളുടെ യാത്രാ അവകാശം സംരക്ഷിക്കണം എന്നും അതിനു വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ഡോ.വി ശിവദാസൻ എം.പി നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.