കൊച്ചി: നിലവിലെ ട്രിപ്പ് കഴിഞ്ഞ് കൊച്ചിയിൽ മടങ്ങിയെത്തുന്ന എം.വി അറേബ്യൻ സീ കപ്പൽ വാർഷിക സർട്ടിഫിക്കറ്റുകൾ പുതുക്കുന്നതിനായി സർവ്വേ നടപടികൾക്ക് പോവുകയാണ്. ഇതോടെ അവധിക്കാലത്ത് എം.വി ലഗൂൺസ് എന്ന ഒറ്റ കപ്പൽ മാത്രമാവും സർവ്വീസ് നടത്തുക. ക്രിസ്തുമസ് പുതുവത്സര അവധികൾക്കായി വൻകരയിൽ പഠിക്കുന്ന വിദ്യാർഥികൾ നാട്ടിലെത്താൻ സാധിക്കാതെ വരുന്നതോടെ ഈ അവധിക്കാലം ദുരിതകാലമാവും. കൊച്ചി- ലക്ഷദ്വീപ് റൂട്ടില്‍ മുമ്പ് ഏഴ് കപ്പലുകള്‍ സര്‍വീസ് നടത്തിയിരുന്നതാണ് നിലവിൽ ഒറ്റ കപ്പലായി ചുരുങ്ങിയത്. കപ്പലുകളുടെ അറ്റകുറ്റപ്പണികൾ സമയബന്ധിതമായി പൂർത്തിയാക്കാത്തതു മൂലമാണ് ജനങ്ങളുടെ മേൽ ഗുരുതരമായ രീതിയിൽ ഈ അപ്രഖ്യാപിത യാത്രാ വിലക്ക് അടിച്ചേൽപ്പിക്കുന്നത്. ഓരോ കപ്പലുകളുടെയും അറ്റകുറ്റപ്പണികൾ ശാസ്ത്രീയമായി ക്രമീകരിച്ച് നടപ്പാക്കുന്നതിന് പകരം കപ്പലുകളുടെ അറ്റകുറ്റപ്പണികൾ പരമാവധി വൈകിപ്പിക്കുക വഴി ഓരോ കപ്പലുകളുടെയും പ്രവർത്തനക്ഷമത കാര്യമായി പിന്നോട്ടടിക്കപ്പെടുന്നു. നടുക്കടലിൽ കപ്പൽ പ്രവർത്തനരഹിതമാവുന്നത് വരെ അറ്റകുറ്റപ്പണികൾ നടത്താതെ വൈകിപ്പിക്കുകയാണ് ലക്ഷദ്വീപ് ഭരണകൂടം. ഇതുമൂലമാണ് കപ്പലുകൾ കൂട്ടത്തോടെ അറ്റകുറ്റപ്പണികൾക്കായി പോവേണ്ട അവസ്ഥയുണ്ടാവുന്നത്. ഇത് ലക്ഷദ്വീപ് നിവാസികളോടുള്ള വെല്ലുവിളിയാണ്.
ക്രിസ്മസ്- പുതുവത്സര അവധിക്കാലമെത്തിയതോടെ വിദ്യാര്‍ഥികളും ചികിത്സ സംബന്ധമായ ആവശ്യങ്ങള്‍ക്ക് മറുകരയെ ആശ്രയിക്കുന്ന രോഗികളുമാണ് കപ്പല്‍ ഇല്ലാത്തതിനാല ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. നിലവില്‍ സര്‍വീസ് നടത്തുന്ന എം വി ലഗൂണില്‍ 400 പേര്‍ക്ക് മാത്രമേ യാത്ര ചെയ്യാനാകൂ. 700 പേര്‍ക്ക് കയറാവുന്ന എം വി കവരത്തി, 400 സീറ്റുകളുള്ള എം.വി കോറല്‍സ് എന്നീ കപ്പലുകള്‍ അറ്റകുറ്റപ്പണികള്‍ക്കായി പോയിരിക്കുകയാണ്. എം.വി ലക്ഷദ്വീപ് സീ കപ്പൽ ദീർഘകാലമായി സർവ്വീസ് നടത്തുന്നില്ല. അവയുടെ അറ്റകുറ്റപ്പണികള്‍ എന്നു തീരുമെന്നു പോലും അധികൃതര്‍ക്ക് വ്യക്തതയില്ല. യാത്രക്കാരുടെ പ്രതിസന്ധി പരിഹരിക്കാൻ ഹൈസ്പീഡ് വെസലുകൾ പരമാവധി വൻകരയിലേക്ക് സർവ്വീസ് നടത്തുക മാത്രമാണ് നിലവിൽ സാധ്യമാവുക. വെസലുകൾ എത്ര സർവ്വീസുകൾ നടത്തിയാലും ഈ അവധിക്കാലത്തെ യാത്രാ ദുരിതം പൂർണ്ണമായി ഒഴിവാക്കാനാവില്ല എന്ന് ഉറപ്പാണ്.