കവരത്തി: മദ്യനിരോധിത മേഖലയായ ലക്ഷദ്വീപിലെ കവരത്തിയിൽ കേരളത്തിൽ നിന്ന് ഇന്ത്യൻ നിർമ്മിത വിദേശമദ്യവും ബിയറുമെത്തി. ബംഗാരം ദ്വീപിലേക്ക് എന്ന് പറഞ്ഞാണ് മദ്യ കെയ്സുകൾ കൊച്ചിയിൽ നിന്ന് കപ്പലിൽ കയറ്റിയത്. എന്നാൽ കയറ്റിയ 267 കെയ്സ് മദ്യവും തിങ്കളാഴ്ച കവരത്തി ദ്വീപിലാണ് ഇറക്കിയത്. ഇതിൽ 80 ശതമാനവും ബിയറാണ്. കേരള സംസ്ഥാന ബെവറജസ് കോർപ്പറേഷൻ വഴിയാണ് ലക്ഷദ്വീപിലേക്ക് ചരിത്രത്തിലാദ്യമായി ഇത്രയും വലിയ അളവിൽ മദ്യമെത്തുന്നത്. 21 ലക്ഷത്തിന്റെ വിൽപ്പനയാണ് നടന്നത്. ഇന്ത്യൻ നിർമ്മിത വിദേശമദ്യവും ബിയറും വിദേശനിർമിത വിദേശമദ്യവും കയറ്റിയയക്കാൻ ബെവറജസ് കോർപ്പറേഷന് സർക്കാർ അനുമതി നൽകിയിരുന്നു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനു കീഴിൽ വിനോദസഞ്ചാരം കൈകാര്യംചെയ്യുന്ന ‘സ്പോർട്സി’ന്റെ അപേക്ഷ പരിഗണിച്ചായിരുന്നു അനുമതി.

215 കെയ്സ് ബിയറും 39 കെയ്സ് വിദേശമദ്യവും 13 കെയ്സ് ഇന്ത്യൻനിർമിത വിദേശമദ്യവുമാണ് ദ്വീപിൽ എത്തിയത്. വിനോദസഞ്ചാരത്തിന് മാത്രമായുള്ള ബംഗാരം ദ്വീപിൽ മാത്രമാണ് മദ്യം ഇളവുകൾ ഉള്ളത്. മറ്റു ദ്വീപുകളിൽ പൂർണ്ണമായ മദ്യനിരോധം നിലനിൽക്കെയാണ് കവരത്തിയിൽ ഇത്രയും വലിയ അളവിൽ മദ്യം ഇറക്കിയത്. കവരത്തിയിൽ എത്തിയ മദ്യം അവിടെ നിന്നും ബോട്ട് മാർഗ്ഗം ബംഗാരം ദ്വീപിലേക്ക് കൊണ്ടുപോവും എന്നാണ് അറിയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here