ന്യൂഡൽഹി: തിരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളായ പഞ്ചായത്തുകൾക്ക് കൂടുതൽ അധികാരം നൽകുന്ന പഞ്ചായത്ത് എക്സ്റ്റൻഷൻ ടു ഷെഡ്യൂൾഡ് ഏരിയ-പി.ഇ.എസ്.എ(പെസ) നിയമം ലക്ഷദ്വീപിൽ നടപ്പാക്കുന്നതിനുള്ള നീക്കങ്ങളുമായി കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം. ഭൂമിശാസ്ത്രപരമായി പട്ടിക വിഭാഗത്തിൽ പെടുന്ന മേഖലകളിലെ പഞ്ചായത്തുകൾക്ക് കൂടുതൽ അധികാരം നൽകുന്ന നിയമമാണ് പെസ. 1996-ൽ നിലവിൽ വന്ന നിയമം ഇതുവരെയും ലക്ഷദ്വീപിൽ നടപ്പാക്കിയിട്ടില്ല. ഈ നിയമം ലക്ഷദ്വീപിൽ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ലക്ഷദ്വീപ് യുവമോർച്ച മുൻ അധ്യക്ഷൻ ശ്രീ. മഹദാ ഹുസൈൻ കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയത്തിന് നിവേദനം സമർപ്പിച്ചിരുന്നു. ഷെഡ്യൂൾഡ് ഏരിയയിൽ ഉൾപ്പെടുന്ന ലക്ഷദ്വീപിൽ പെസ നിയമം നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹം കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയത്തെ സമീപിച്ചത്.
ലക്ഷദ്വീപ് ഷെഡ്യൂൾഡ് ഏരിയയിൽ ഉൾപ്പെടുന്നതായ ഒരു രേഖയും തങ്ങളുടെ കൈവശം ഇല്ലെന്നും അത്തരം രേഖകൾ ഉണ്ടെങ്കിൽ അത് തങ്ങൾക്ക് നൽകണം എന്നും, രേഖകൾ പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ശ്രീ. മഹദാ ഹുസൈന് നൽകിയ മറുപടി കത്തിൽ കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം അറിയിച്ചു. തുടർന്ന് കഴിഞ്ഞ ദിവസം ലക്ഷദ്വീപ് ഷെഡ്യൂൾഡ് ഏരിയയിൽ ഉൾപ്പെടുന്നതായ ഔദ്യോഗിക രേഖയായ ഭരണഘടനാ ഉത്തരവിന്റെ പകർപ്പ് ശ്രീ. മഹദാ ഹുസൈൻ കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയത്തിന് സമർപ്പിച്ചതായി അദ്ദേഹം ദ്വീപ് മലയാളിയോട് പറഞ്ഞു. രേഖകൾ പരിശോധിച്ച് എത്രയും പെട്ടെന്ന് തന്നെ ഉചിതമായ തീരുമാനം കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയത്തിൽ നിന്നും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. പെസ നിയമം നടപ്പിലാകുന്നതോടെ തിരഞ്ഞെടുപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൂടുതൽ അധികാരം ലഭിക്കും. കൂടാതെ പഞ്ചായത്തിന് മേലുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ അനാവശ്യ ഇടപെടലുകൾ ഒഴിവാക്കാനാവും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.