ആന്ത്രോത്ത്: എസ്.എസ്.എഫ് ലക്ഷദ്വീപ് സാഹിത്യോത്സവിന് ആന്ത്രോത്ത് ദ്വീപിൽ തുടക്കമായി. ഇന്നലെ വൈകീട്ട് സാഹിത്യോത്സവ് പതാക ഉയർത്തിയതോടെയാണ് മത്സരങ്ങൾക്ക് തുടക്കമായത്. ഈ മാസം എട്ടിന് പ്രമുഖ എഴുത്തുകാരൻ ശ്രീ. ബാഹിർ കുന്നാങ്കലം സാഹിത്യോത്സവ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ഇന്നലെ വൈകീട്ട് ആരംഭിച്ച സാഹിത്യോത്സവ് ഈ മാസം പത്തിന് സമാപിക്കും. നാല് വേദികളിലായാണ് മത്സരങ്ങൾ പുരോഗമിക്കുന്നത്. നൂറോളം ഇനങ്ങളിലായി എട്ട് ദ്വീപുകളിൽ നിന്നുള്ള അഞ്ഞൂറോളം മത്സരാർത്ഥികൾ പങ്കെടുക്കും. സയ്യിദ് സഹീർ ഹുസൈൻ ജീലാനി, യു.പി.എസ്.എം ആറ്റക്കോയ തങ്ങൾ, ദേവർശോല അബ്ദുൽ സലാം മുസ്‌ലിയാർ തുടങ്ങിയവർ സാഹിത്യോത്സവിന്റെ വിവിധ സെഷനുകളിലായി പങ്കെടുക്കും.
വിദ്യാർത്ഥികൾക്കുള്ള മത്സര പരിപാടികൾക്ക് പുറമെ മുതിർന്ന പൗരന്മാർക്കായി ആന്ത്രോത്ത് ബേളാപുരത്ത് വെച്ച് “ബേളാപുരം ബിശളം” എന്ന പ്രത്യേക സെഷൻ സംഘടിപ്പിക്കും. പൊതുജനങ്ങൾക്കായി മാലപ്പാട്ട് ആലാപന മത്സരവും സംഘടിപ്പിക്കുന്നുണ്ട്. ലഹരിയുടെ ഉപയോഗം കൂടി വരുന്ന വർത്തമാന കാലത്ത് ലഹരിക്കെതിരെ സാഹിത്യോത്സവിന്റെ ഭാഗമായി ആന്ത്രോത്ത് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറുടെ നേതൃത്വത്തിൽ പ്രത്യേക സംവാദം സംഘടിപ്പിക്കും.
പി.എസ്.എം ബുർഹാനുദ്ദീൻ തങ്ങൾ, അബൂബക്കർ കാമിൽ സഖാഫി അഗത്തി ഉസ്താദ് എന്നിവരുടെ കൃതികളെ ആസ്പദമാക്കി പ്രത്യേക പേപ്പർ പ്രസന്റേഷൻ, പുസ്തക മേള എന്നിവയും സാഹിത്യോത്സവിന്റെ ഭാഗമായി നടക്കും. സാഹിത്യോത്സവിന്റെ മുന്നൊരുക്കങ്ങൾ വിശദീകരിക്കുന്നതിനായി വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ എസ്.എസ്.എഫ് ലക്ഷദ്വീപ് സാഹിത്യോത്സവ് സംഘാടക സമിതി ചെയർമാൻ ഹുസൈൻ സഖാഫി, ജനറൽ കൺവീനർ അബ്ദുൽ ഗഫൂർ കെ, എസ്.എസ്.എഫ് സംസ്ഥാന ക്യാബിനറ്റ് സെക്രട്ടറി അനീസുദ്ദീൻ ആർ.സി എന്നിവർ പങ്കെടുത്തു.