അഗത്തി: ലക്ഷദ്വീപിന്റെ കൗമാര കായിക ഉത്സവമായ 33 ആമത് ലക്ഷദ്വീപ് സ്കൂൾ ഗെയിംസിന് കൊടിയിറങ്ങി. ഈ മാസം 27 മുതൽ അഗത്തി ദ്വീപിൽ നടന്നു വന്ന കായിക മാമാങ്കത്തിനാണ് പ്രൗഢമായ കലാപരിപാടികളോടെ പരിസമാപ്തിയായത്. 33 സീസണുകളിൽ 23 തവണയും ചാമ്പ്യൻസ് കിരീടവീമായി തങ്ങളുടെ ആധിപത്യം തിരിച്ചു പിടിച്ചു കൊണ്ടാണ് ആന്ത്രോത്ത് ദ്വീപ് അഗത്തിയിൽ നിന്നും മടങ്ങുന്നത്. കഴിഞ്ഞ രണ്ടു തവണയും നഷ്ടപ്പെട്ട ചാമ്പ്യൻഷിപ്പ് ഇക്കുറി ആന്ത്രോത്ത് ദ്വീപിലേക്ക് തന്നെ കൊണ്ടുപോവാനായത് കായിക താരങ്ങളും അധ്യാപകരും രക്ഷിതാക്കളും ഒരുപോലെ നടത്തിയ ഒരു വർഷത്തോളം നീണ്ട പരിശ്രമത്തിലൂടെയാണ്.

19 സ്വർണ്ണവും 15 വെള്ളിയും 16 വെങ്കലവും ഉൾപ്പെടെ 199 പോയിന്റുമായി വ്യക്തമായ ആധിപത്യത്തോടെയാണ് ഇക്കുറി ആന്ത്രോത്ത് ദ്വീപ് സ്വർണ്ണ കിരീടത്തിൽ മുത്തമിട്ടത്. കഴിഞ്ഞ രണ്ടു തവണയും ചാമ്പ്യൻസ് കിരീടം നേടിയ കവരത്തി ദ്വീപാണ് രണ്ടാം സ്ഥാനത്ത്. 16 സ്വർണ്ണം, 16 വെള്ളി, 9 വെങ്കലവുമായി 164 പോയിന്റുമായാണ് കവരത്തി ദ്വീപ് റണ്ണേഴ്സ് കപ്പിന് അർഹത നേടിയത്. 137 പോയിന്റുമായി ആതിഥേയരായ അഗത്തി ദ്വീപാണ് മൂന്നാം സ്ഥാനത്ത്.

വൈകിട്ട് നടന്ന സമാപന സമ്മാനദാന ചടങ്ങിൽ അഗത്തി ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസർ ശ്രീമതി കെ.ഐ നജ്മുന്നിസ ബീ 33 ആമത് ഏൽ.എസ്.ജിയുടെ സമാപന പ്രഖ്യാപനം നടത്തി. മീറ്റ് സെക്രട്ടറി ശ്രീ.എ.കെ സനീബ് ഖാൻ മീറ്റ് റിപ്പോർട്ട് അവതരിപ്പിച്ചു. ശ്രീ.ഷർഷാദ് സ്വാഗതവും ശ്രീ. അബ്ദുൽ ഗഫൂർ നന്ദിയും പറഞ്ഞു.

രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം ആന്ത്രോത്ത് ദ്വീപിലേക്ക് എത്തുന്ന ചാമ്പ്യൻസ് കിരീടം വരവേൽക്കാനായി ആന്ത്രോത്ത് റീജിയണൽ സ്പോർട്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ വലിയ ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here