കവരത്തി: ലക്ഷദ്വീപ് യുവമോർച്ച അധ്യക്ഷൻ മഹദാ ഹുസൈൻ രാജി വച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജി എന്നാണ് വിശദീകരണം. 2022 ഒക്ടോബർ മാസം മുതൽ മഹദാ ഹുസൈനാണ് ലക്ഷദ്വീപ് യുവമോർച്ചയുടെ അധ്യക്ഷൻ. രണ്ടു വർഷത്തിൽ അധികമായി സംഘടന ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ ഭംഗിയായി നിർവ്വഹിക്കാൻ ശ്രമിച്ചിട്ടുണ്ട് എന്നും, യുവമോർച്ച അധ്യക്ഷനായി തുടരുന്നതിന് ബുദ്ധിമുട്ടുള്ളതിനാൽ താൻ രാജിവെക്കുകയാണ് എന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന് അയച്ച രാജി കത്തിൽ അദ്ദേഹം പറയുന്നു.

കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി മഹദാ ഹുസൈൻ വരുമെന്ന് വടക്കൻ ദ്വീപുകളിലെ ബി.ജെ.പി പ്രവർത്തകരും യുവാക്കളും പ്രതീക്ഷിച്ചിരുന്നു. എന്നാൽ മഹദാ ഹുസൈനെ ഒഴിവാക്കാനാണ് എൻ.സി.പി അജിത് പവാർ പക്ഷത്തിന് സീറ്റ് നൽകിയത് എന്നും അന്ന് തന്നെ ആക്ഷേപങ്ങൾ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബി.ജെ.പി ലക്ഷദ്വീപ് ഘടകത്തിൽ വലിയ ഭിന്നതകൾ നിലനിന്നിരുന്നു. ഈ സാഹചര്യത്തിലാണ് മഹദാ ഹുസൈന്റെ രാജി എന്നതും ശ്രദ്ധേയമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here