
കവരത്തി: ലക്ഷദ്വീപിലെ ചിത്രകലാ രംഗത്തെ പ്രമുഖരുടെ നേതൃത്വത്തിൽ ലക്ഷദ്വീപ് പിറവി ദിനത്തോടനുബന്ധിച്ച് കവരത്തി ദ്വീപിൽ ചിത്രകലാ ക്യാമ്പും എക്സിബിഷനും സംഘടിപ്പിക്കുന്നു. ഈ മാസം 29,30,31 തിയ്യതികളിലായി നടക്കുന്ന ക്യാമ്പിൽ ലക്ഷദ്വീപിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖരുടെ സാന്നിധ്യമുണ്ടാവും. പ്ലാസ്റ്റിക് മുക്ത ലക്ഷദ്വീപിനായി ജനങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ “ഹരിത ദ്വീപ്” എന്ന പേരിൽ നടക്കുന്ന ക്യാമ്പിൽ വരയ്ക്കുന്ന ചിത്രങ്ങൾ കൂടി ഉൾപ്പെടുത്തി നവംബർ ഒന്നിന് ലക്ഷദ്വീപ് പിറവി ദിനത്തിലാണ് എക്സിബിഷൻ സജ്ജീകരിക്കുന്നത്. നാൽപതോളം കലാകാരന്മാർ പങ്കെടുക്കുന്ന ക്യാമ്പ് ചിത്രകലാ രംഗത്തെ ലക്ഷദ്വീപിന്റെ പുതു ചരിത്രം കൂടിയായി മാറും.
