
കൊച്ചി: അടുത്ത വർഷം തായ്‌ലൻഡിൽ വെച്ച് നടത്തപ്പെടുന്ന എ.എഫ്.സി ബീച്ച് സോക്കർ ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിനുള്ള ഇന്ത്യൻ ടീമിന്റെ അവസാന റൗണ്ടിലേക്ക് ലക്ഷദ്വീപിൽ നിന്നും നാല് താരങ്ങൾക്ക് സെലക്ഷൻ ലഭിച്ചു. പന്ത്രണ്ട് സംസ്ഥാനങ്ങളിൽ നിന്നായി 75 താരങ്ങളാണ് സെലക്ഷൻ ക്യാമ്പിൽ പങ്കെടുത്തത്. കഴിഞ്ഞ ദിവസങ്ങളിലായി ഗുജറാത്തിലെ പോർബന്ദറിൽ നടന്ന സെലക്ഷൻ ട്രയൽസിൽ ലക്ഷദ്വീപിൽ നിന്നും പത്ത് താരങ്ങൾ പങ്കെടുത്തിരുന്നു. അതിൽ നിന്നാണ് നമ്മുടെ മികച്ച നാല് താരങ്ങൾക്ക് ദേശീയ ടീമിന്റെ അവസാന റൗണ്ടിലേക്ക് സെലക്ഷൻ ലഭിച്ചിരിക്കന്നത്. അഗത്തി ദ്വീപ് സ്വദേശികളായ മിർസാദ്, അക്റമുൽ ഹഖ്, കവരത്തി ദ്വീപ് സ്വദേശികളായ മുഹമ്മദ് താഹിർ, മുഹമ്മദ് അക്രം എന്നിവർക്കാണ് ദേശീയ ബീച്ച് ഫുട്ബോൾ ടീമീലേക്കുള്ള അവസാന റൗണ്ടിലേക്ക് അവസരം ലഭിച്ചിരിക്കുന്നത്.
നിലവിൽ 25 പേരെയാണ് അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. ലക്ഷദ്വീപിലെ നാല് താരങ്ങൾ ഉൾപ്പെടെ അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 25 താരങ്ങളും അടുത്ത ഫിബ്രവരി മാസത്തിൽ നടക്കുന്ന ദേശീയ ക്യാമ്പിൽ പങ്കെടുക്കും. ഇതിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 12 പേരാണ് ഏഷ്യൻ കപ്പിനുള്ള യോഗ്യതാ മത്സരത്തിൽ തായ്‌ലൻഡിൽ പങ്കെടുക്കുക.
