
അമിനി: സന്തോഷ് ട്രോഫി ട്രയൽസിൽ നിന്നും മികച്ച ഗോൾ കീപ്പറായ ഷാക്കിറിനെ തഴഞ്ഞതിൽ പ്രതിഷേധിച്ച് അമിനി ഫുഡ്ബോൾ അസോസിയേഷനൻ ഓഫീസിൽ കായിക പ്രേമികൾ റീത്ത് വെച്ച് പ്രതിഷേധിച്ചു.
കഴിഞ്ഞ ദിവസങ്ങളിലായി നടന്ന പതിമൂന്നാമത് ഇന്റർ ഐലന്റ് ഫുഡ്ബോൾ ടൂർണമെന്റിൽ മികച്ച ഗോൾ കീപ്പറായി തിരഞ്ഞെടുത്തത് അമിനി ദ്വീപിലെ ഷാക്കിറിനെയായിരുന്നു. എന്നാൽ സന്തോഷ് ട്രോഫി ട്രയൽസിൽ പങ്കെടുക്കാൻ യോഗ്യത നേടിയ മുപ്പത് പേരടങ്ങുന്ന പട്ടികയിൽ നിന്നും ഷാക്കിറിനെ ഒഴിവാക്കിയിരിക്കുകയാണ്. ഇതിനെതിരെയാണ് കായിക പ്രേമികൾ പ്രതിഷേധിച്ചത്. അമിനി ഫുഡ്ബോൾ അസോസിയേഷൻ ഈ വിഷയത്തിൽ ഒരു പ്രതികരണവും നടത്താതെ അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചത് എന്ന് അവർ ആരോപിച്ചു. ഈ വിഷയത്തിൽ ഷാക്കിറിനൊപ്പം നിൽക്കാൻ അമിനി ഫുഡ്ബോൾ അസോസിയേഷൻ തയ്യാറായില്ലെങ്കിൽ കൂടുതൽ ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കും എന്ന് പ്രതിഷേധക്കാർ അറിയിച്ചു.
