കവരത്തി: ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിൽ ലോക മാനസികാരോഗ്യ ദിനം ആചരിച്ചു. കവരത്തി ഇന്ദിരാ ഗാന്ധി ആശുപത്രിയുടെ ആഭിമുഖ്യത്തിൽ കവരത്തിയിലെ വില്ലേജ് ദ്വീപ് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ നിരവധി ആളുകൾ സംബന്ധിച്ചു. “തൊഴിൽ ഇടങ്ങളിലെ മാനസിക ആരോഗ്യം” എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ ലോക മാനസികാരോഗ്യ ദിനം ആചരിക്കുന്നത്. ഇതിന്റെ ഭാഗമായി കവരത്തിയിലെ വിവിധ ദ്വീപ് ശ്രീ കൂട്ടായ്മകളിൽ നിന്നായി നൂറോളം ദ്വീപ് പ്രവർത്തകർ പങ്കെടുത്തു.
ക്ലിനിക്കൽ സൈക്കോളജിസ്റ്റും ടെലി മാനസ് കൗൺസിലറുമായ ശ്രീമതി. ചന്ദന എം.എസ് മുഖ്യ പ്രഭാഷണം നടത്തി. തൊഴിലിടങ്ങളിലെ മാനസികാരോഗ്യ പ്രശ്നങ്ങളും അതിന്റ പരിഹാര മാർഗങ്ങളും ഉൾപ്പെടെ പൊതു ജനങ്ങൾക്ക് ഉപകാരപ്രദമായ നിരവധി വിഷയങ്ങൾ അദ്ദേഹം ചർച്ച ചെയ്തു. തുടർന്ന് സംസാരിച്ച സൈക്യാട്രിക്ക് സോഷ്യൽ വർക്കർ ശ്രീമതി. റമീസ.ബി.പി തൊഴിലിടങ്ങളിലെ മാനസിക സമ്മർദ്ദങ്ങളെ മറികടക്കാനുള്ള പ്രായോഗിക പരിഹാരങ്ങൾ വിവരിച്ചു. “പോസീറ്റീവായ മാനസിക ആരോഗ്യത്തെ പരിപോഷിപ്പിക്കുക” എന്ന വിഷയത്തിൽ ടെലി മാനസ് കൗൺസിലർ ശ്രീമതി. അജ്മലാ തസ്നീം ആർ.എം വിഷയാവതരണം നടത്തി സംസാരിച്ചു. ദ്വീപ് ശ്രീ പ്രവർത്തകർക്കായി നടത്തിയ ക്വിസ് പ്രോഗ്രാമിൽ വിജയിച്ചവർക്ക് ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ.അബ്ദുൽ ശുക്കൂർ സ്വാഗതവും കൺസൽട്ടന്റ് സൈക്കോളജിസ്റ്റ് ശ്രീമതി. റുഫൈദാ ബീഗം സി.പി നന്ദിയും പറഞ്ഞു.