ന്യൂഡൽഹി: അമിനി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ആയിരുന്ന ചെറിയകോയക്കെതിരായ സസ്പെൻഷൻ നടപടി നിയമപരമായി അസാധു എന്ന് സുപ്രീം കോടതി. അതുകൊണ്ട് തന്നെ അദ്ദേഹത്തിനെതിരായ അച്ചടക്ക നടപടിയും സുപ്രീംകോടതി താത്കാലികമായി മരവിപ്പിച്ചിട്ടുണ്ട്. അദ്ദേഹം ദുരുപയോഗം ചെയ്തു എന്ന് ആരോപിക്കപ്പെട്ട കോടതി രേഖകൾ അദ്ദേഹത്തിനെതിരായ കേസ് പരിഗണിക്കുന്ന ഘട്ടത്തിൽ കേരള ഹൈക്കോടതി പരിഗണിച്ചില്ല എന്നാണ് സുപ്രീം കോടതി കണ്ടെത്തിയിരിക്കുന്നത്. തെളിവുകൾ പരിശോധിക്കാതെ എടുത്ത അച്ചടക്ക നടപടി നിയമപരമായി നിലനിൽക്കില്ല എന്നാണ് സുപ്രീം കോടതി കണ്ടെത്തിയത്. ജസ്റ്റിസ് ഋഷികേശ് റോയ്, ജസ്റ്റിസ് എസ്.എൻ.വി ഭാട്ടി എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്.

അമിനി സി.ജെ.എം കോടതി മജിസ്ട്രേറ്റ് ആയിരുന്ന ചെറിയകോയ ശിക്ഷിച്ച പതിനൊന്നു പ്രതികൾ ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 227 അനുസരിച്ച് രണ്ടു പരാതികൾ കേരള ഹൈക്കോടതിക്ക് മുന്നിൽ സമർപ്പിച്ചിരുന്നു. കുറ്റാരോപിതരായവർക്ക് സാക്ഷികളെ ക്രോസ് വിസ്താരം നടത്തുന്നതിന് അവസരം നൽകാതെയും അന്വേഷണ ഉദ്യോഗസ്ഥരെ വിസ്തരിക്കാതെയുമാണ് ഈ പ്രതികളെ കുറ്റക്കാരാണെന്ന് അമിനി കോടതി ഉത്തരവിട്ടത് എന്നായിരുന്നു ആരോപണം.

ഈ കേസുകളുമായി ബന്ധപ്പെട്ട കോടതി രേഖകൾ കേരള ഹൈക്കോടതിയിൽ സമർപ്പിക്കാൻ അമിനി സി.ജെ.എം കോടതിയോട് കേരള ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതി ആവശ്യപ്പെട്ടത് അനുസരിച്ച് 2022 ഡിസംബർ 26-ന് രേഖകൾ ഹൈക്കോടതിയിൽ ഹാജരാക്കി. എന്നാൽ, അതിനു മൂന്ന് ദിവസം മുമ്പ് ഡിസംബർ 23-ന് തന്നെ ചെറിയകോയയെ സസ്പെന്റ് ചെയ്തു കൊണ്ട് കേരള ഹൈക്കോടതി ഉത്തരവിട്ടു. ആവശ്യമായ രേഖകൾ പരിശോധിക്കാതെ കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവാണ് സുപ്രീം കോടതി താത്കാലികമായി മരവിപ്പിച്ചത്. “ആവശ്യമായ രേഖകൾ പരിശോധിക്കാതെ 2022 ഡിസംബർ 23-ന് കേരള ഹൈക്കോടതി ഇറക്കിയ ഉത്തരവ് നിയമപരമായി അസാധുവാണെന്നും, അതുകൊണ്ട് തന്നെ പ്രസ്തുത ഉത്തരവ് താൽക്കാലികമായി മരവിപ്പിക്കുന്നു” എന്നും സുപ്രീം കോടതി ഇറക്കിയ ഇടക്കാല ഉത്തരവിൽ പറയുന്നു. മുതിർന്ന അഭിഭാഷകനായ സി.യു സിങ്ങാണ് ചെറിയകോയക്ക് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായത്.

LEAVE A REPLY

Please enter your comment!
Please enter your name here