കവരത്തി: ലക്ഷദ്വീപ് ചെത്തിലാത്ത് ദ്വീപിൽ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ കടലിൽ കാണാതായ സംഭവത്തിൽ പ്രധാനമന്ത്രിക്ക് പരാതി നൽകി. കാണാതായി 12 ദിവസം കഴിഞ്ഞിട്ടും ഊർജിതമായ തിരച്ചിൽ നടത്തുന്നില്ലെന്നാണ് ബന്ധുക്കളുടെ പരാതി. ചെത്തിലാത്ത് പൊന്നിക്കം അബ്ദുൽ റഹ്മാനെയാണ് സെപ്റ്റംബർ പത്തിന് കടലിൽ കാണാതായത്. മനോ ദൗർബല്യമുള്ള ആളാണ് അബ്ദുൽ റഹ്മാൻ എന്നും കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് കസ്റ്റഡിയിൽ എടുത്തതെന്നും ആണ് ബന്ധുക്കൾ പറയുന്നത്. പോലീസ് സ്റ്റേഷനിൽ നിന്നും പുറത്തു വന്ന അബ്ദുൽ റഹ്മാൻ നാട്ടുകാരും പോലീസും നോക്കിനിൽക്കെ കടലിൽ ഇറങ്ങി നീന്തുന്നതിനിടെ കാണാതാവുകയായിരുന്നു എന്നാണ് വിവരം. നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ച പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ പോലീസിന്റെ വീഴ്ച കേന്ദ്ര ഏജൻസിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും അതുൽ റഹ്മാന്റെ കുടുംബത്തിന് സാമ്പത്തിക സഹായം അനുവദിക്കണമെന്നും പ്രധാനമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.