റിപ്പോർട്ട്: അബ്ദുൽ സലാം കെ.കെ
കവരത്തി: 78 ആമത് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ ലക്ഷദ്വീപിലെ പത്ത് ദ്വീപുകളിലും വിപുലമോയി ആഘോഷിച്ചു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ ആഭിമുഖ്യത്തിൽ തലസ്ഥാന ദ്വീപായ കവരത്തി സ്ക്കൂൾ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഔദ്യോഗിക ചടങ്ങിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഉപദേഷ്ടാവ് സന്ദീപ് കുമാർ ഐ.എ.എസ് ദേശീയ പതാക ഉയർത്തി പരേഡിനെ അഭിവാദ്യം ചെയ്തു. പരേഡ് കമാൻഡർ ഐ.ആർ.ബി.എൻ സബ് ഇൻസ്പെക്ടർ മുഹമ്മദ് ഇംറാൻ ഖാൻ നയിച്ച പരേഡിൽ സി.ആർ.പി.എഫ്, ലക്ഷദ്വീപ് പോലീസ്, ഐ.ആർ.ബി.എൻ എന്നീ പ്ലാറ്റൂണുകൾ പങ്കെടുത്തു.
ശക്തമായ മഴയെയും കാറ്റിനെയും അതിജീവിച്ചാണ് സ്വാതന്ത്രദിനാഘോഷ പരിപാടികൾ ദ്വീപുകളിൽ പൂർത്തിയാക്കിയത്.
ലക്ഷദ്വീപ് നിവാസികളുടെ വിദ്യാഭ്യാസം, ആരോഗ്യം, വിവര സാങ്കേതികം, ടുറിസം, ഗതാഗതം, മത്സ്യബന്ധനം, കാർഷികം ഉൾപ്പെടെയുള്ള മേഖലകളിൽ സുപ്രധാനമായ വികസന പദ്ധതികൾക്ക് ദ്വീപ് തലങ്ങളിലായി അഡ്മിനിസ്ട്രേഷൻ തുടക്കം കുറിച്ചതായി സ്വാതന്ത്ര ദിനാഘോഷ പ്രസംഗത്തിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഉപദേഷ്ടാവ് സന്ദീപ് കുമാർ ഐ.എ.എസ് പറഞ്ഞു.
ജില്ലാ ജഡ്ജ് അനിൽ ഭാസ്കർ, സെക്രട്ടറി വിക്രം രാജാ ഐ.എ.എസ്, ജില്ലാ കളക്ടർ അർജുൻ മോഹൻ ഐ.എ.എസ്, ഉൾപ്പെടെ മുതിർന്ന ഉദ്യോഗസ്ഥർ, മറ്റു വിവിധ രാഷ്ട്രീയ-സാമൂഹിക-സാംസ്ക്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. കവരത്തി ഒഴികെയുള്ള മറ്റു ദ്വീപുകളിൽ സ്ഥലത്തെ ഡപ്യൂട്ടി കലക്ടർമാർ, സാനിക്സ് ഉദ്യോഗസ്ഥർ എന്നിവർ ദേശീയ പതാക ഉയർത്തി പരേഡിനെ അഭിവാദ്യം ചെയ്തു.